നിർമാണം പൂർത്തിയാകുന്നതിന് മുൻപേ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായി സംഘടിപ്പിച്ച ചടങ്ങളിൽ നിലവിളക്കിനായാണ് പത്തനംതിട്ട നഗരസഭാ കൗൺസിലർമാർ തമ്മിൽ പിടിവലി നടന്നത്. ഉദ്ഘാടനത്തിനായി ഒരുക്കിയ നിലവിളക്ക് എതിർപക്ഷം കൈക്കലാക്കുകയായിരുന്നു. പിന്നെ ചേരിതിരിഞ്ഞ് മൽപ്പിടിത്തമായി. സംഘർഷാന്തരീക്ഷത്തിനിടെ ബോധരഹിതയായ നഗരസഭാധ്യക്ഷ റോസ്ളിൻ സന്തോഷിനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം.
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുൻപേ ഉദ്ഘാടന മാമാങ്കം നടത്താനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഇടത് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് തുടക്കമിട്ടത്. ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ താഴത്തെ നിലയിലൊരുക്കിയ ഉദ്ഘാടനവേദിക്ക് മുന്നിൽ ഇടതുപ്രവർത്തകർ ഉപരോധം തുടങ്ങി. കെട്ടിടംപണി പൂർത്തിയാകും മുൻപേ ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവർ. വേദിയിലുണ്ടായിരുന്ന നിലവിളക്കും കൂട്ടത്തിലൊരാൾ കരസ്ഥമാക്കി. നിലവിളക്ക് തിരികെ കിട്ടാനായി പിന്നെ ബലാബലം. പൊലീസും ഇടപെട്ടു.
advertisement
[NEWS]Kerala Rain Alert | ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്[NEWS]കാബൂൾ സര്‍വകലാശാല വെടിവയ്പ്: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു; വിദ്യാര്‍ഥികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്‍റ്[NEWS]
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും വനിതാ കൗൺസിലർമാരുൾപ്പെടെ ചേരിതിരിഞ്ഞ് ഉന്തും തള്ളും ആരംഭിച്ചു. പ്രവർത്തകരിൽ ചിലർ കൈയാങ്കളിക്കും തുനിഞ്ഞു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘർഷത്തിന് അയവുവന്നില്ല. ഉന്തിലും തള്ളിലും ഇരുഭാഗത്തെയും കൗൺസിലർമാരിൽ ചിലർ നിലംപതിച്ചു. ബഹളം ഉച്ചസ്ഥായിയിലായതോടെ നഗരസഭാധ്യക്ഷയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഭരണപക്ഷത്തെ വനിതാ കൗൺസിലർമാർ നഗരസഭാധ്യക്ഷയെ കൈകളിലേറ്റി കെട്ടിടത്തിന് പുറത്തെത്തിച്ചു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിലാണ് ചെയർപേഴ്‌സണെ എത്തിച്ചത്.
കുമ്പഴയിലെ ആരോഗ്യകേന്ദ്രം നിലവിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ ദേശീയ നഗര ആരോഗ്യദൗത്യത്തിന്റെ ഭാഗമായുള്ള പുതിയ ഇരുനിലക്കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയതെന്ന് വാർഡ് കൗൺസിലറും കോൺഗ്രസംഗവുമായ കെ.ആർ.അരവിന്ദാക്ഷൻ നായർ പറഞ്ഞു. നഗരസഭാധ്യക്ഷയെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയിലെത്തി കണ്ടു.