സുപ്രധാന രേഖകൾ സൂക്ഷിക്കുന്ന പ്രോട്ടോകോൾ ഓഫീസിൽ തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാ തെളിവുകളും നശിപ്പിച്ച് സ്വർണക്കടത്തിലെ പ്രതികളെ രക്ഷിക്കാൻ കേരള മുഖ്യമന്ത്രി ശ്രമിക്കുകയാണ്. നാണംകെട്ട നടപടിയാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം വേണം. വിദേശയാത്രകൾ സംബന്ധിച്ച രേഖകൾ പ്രോട്ടോകോൾ ഓഫീസിലാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
അട്ടിമറിയാണ് നടന്നിരിക്കുന്നതെന്ന് സംഭവ സ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. തീപിടിത്തം സർക്കാർ ആസൂത്രിതമായി നടത്തിയതാണ്. ഗുരുതരമായ നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോവിഡിന്റെ പേരിൽ കുറച്ച് ഉദ്യോഗസ്ഥർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം ഉൾപ്പെടെയുള്ളവയുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചത്. സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം ഗസ്റ്റ് ഹൗസുകളിലെ മറികൾ ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചതെന്ന് പൊതുഭരണവകുപ്പ് ആഡീഷണൽ സെക്രട്ടറി സി. ഹണി പറയുന്നത്.
