ഇത്തവണ ആകെ പരീക്ഷയെഴുതിയ 166945 പേരിൽ 771500 പേർ റാങ്ക് പട്ടികയിൽ ഇടംനേടി. സംസ്ഥാനം തിരിച്ചുള്ള പട്ടികയിൽ യോഗ്യതനേടിയവരുടെ എണ്ണത്തിൽ കേരളം നാലാമതും വിജയശതമാനത്തിൽ അഞ്ചാം സ്ഥാനത്തുമാണ്. യോഗ്യതയിൽ കേരളം കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയത്. വിജയശതമാനത്തിൽ ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നിൽ അഞ്ചാമതാണ് കേരളം.
നീറ്റ് ദേശീയതലത്തിൽ 12-ാം റാങ്കും ഒബിസി വിഭാഗത്തിൽ രണ്ടാം റാങ്കും നേടിയാണ് കൊയിലാണ്ടി സ്വദേശി ആയിഷ നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി അബ്ദുൽ റസാക്കിന്‍റെയും ഷമീനയുടെയും മകളാണ് ആയിഷ. കൊയിലാണ്ടി ഗവൺമെന്‍റ് വിഎച്ച്എസ്എസിൽനിന്ന് കഴിഞ്ഞ വർഷം പ്ലസ് ടുവിന് 98 ശതമാനം മാർക്ക് നേടിയ ആയിഷ കോഴിക്കോട്ടെ റെയ്സ് എൻട്രൻസ് കോച്ചിങ് സെന്‍ററിൽ പരിശീലനം നേടിയിരുന്നു. കഴിഞ്ഞ തവണ നീറ്റ് പരീക്ഷയെഴുതിയെങ്കിലും 15000 ആയിരുന്നു റാങ്ക്. ആയിഷയുടെ സഹോദരൻ അഷ്ഫാഖ് കൊല്ലം ടികെഎം എഞ്ചിനിയറിങ്ങ് കോളേജിലെ ബിടെക് വിദ്യാർഥിയും സഹോദരി ആലിയ പ്ലസ് വൺ വിദ്യാർഥിനിയുമാണ്.
advertisement
ആയിഷയെ കൂടാതെ മൂന്നുപേരാണ് ആദ്യ 50 റാങ്കിൽ കേരളത്തിൽനിന്ന് ഇടംനേടിയത്. 706 മാർക്കുമായി 22-ാം റാങ്ക് നേടിയ പാലക്കാട് നെന്മാറ സ്വദേശി ലുലു അടിപ്പരണ്ട, 25-ാം റാങ്ക് നേടിയ കോഴിക്കോട് വെള്ളിമാട് കുന്ന് സ്വദേശി സാനി മിസ്ന, 50-ാം റാങ്ക് നേടിയ തിരുവല്ല സ്വദേശി ഫിലിമോൻ കുര്യാക്കോസ് എന്നിവരാണ് ആദ്യ 50 റാങ്കിൽ ഇടംനേടിയവർ.