ന്യൂഡൽഹി: സെപ്തംബർ 13ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന
നീറ്റ് പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പുതിയ ഹർജികൾ
സുപ്രീംകോടതി തള്ളി. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഹർജി സമർപ്പിച്ചത്.
നീറ്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുതിയ ഹർജികൾ തള്ളിയത്.
നീറ്റ് പരീക്ഷയുടെ എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി അശോക് ഭൂഷൺ പറഞ്ഞു. ബിഹാറിലെ വെള്ളപ്പൊക്കവും കോവിഡ് ലോക്ഡൗണും ചൂണ്ടിക്കാട്ടിയാണു ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്. ഇതോടെ നീറ്റ് പരീക്ഷകൾ നടക്കുമെന്ന് വ്യക്തമായി.
3843 കേന്ദ്രങ്ങളിലായി 15.9 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് 5-6 ഷിഫ്റ്റുകളിലായി നീറ്റ് നടത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റണമെന്ന ഹര്‍ജികള്‍ ഓഗസ്റ്റ് 17ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയിരുന്നു.
ജസ്റ്റിസുമാരായ ബി ആർ ഗവായ്, കൃഷ്ണ മുരാരി എന്നിവരും ബെഞ്ചിൽ ഉൾപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ കരിയർ കൂടുതൽ കാലം അപകടത്തിലാക്കാനാവില്ലെന്നും ജീവിതം മുന്നോട്ട് പോകണമെന്നും ഹർജി തള്ളിക്കൊണ്ട് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ഇതിനുശേഷം ജെഇഇ പരീക്ഷകള്‍ രാജ്യത്ത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
11 സംസ്ഥാനങ്ങളിൽ നിന്നുള്ള 11 വിദ്യാർഥികളാണ് ഹർജി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.