കേരളചരിത്രം കൃത്യമായി പഠിക്കാത്തത് കൊണ്ടാണ് എ. വിജയരാഘവൻ എൻഎസ്എസിനെ വിമർശിച്ചതെന്ന് ജി. സുകുമാരൻ നായർ തുറന്നടിച്ചു. എൻഎസ്എസിനെ കുറിച്ചും വിജയരാഘവന് കൃത്യമായ അറിവില്ല. എല്ലാ രാഷ്ട്രീയ സംഘടനകളുമായും ആർ.എസ്.എസ്. പോലുള്ള പ്രസ്ഥാനങ്ങളുമായും എൻഎസ്എസ് തുല്യ അകലമാണ് പാലിക്കുന്നത്. വർഗീയ ധ്രുവീകരണത്തിന് ഇടംനൽകാതെയും സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരമാവധി സഹകരണം നൽകിയുമാണ് എൻഎസ്എസ് പ്രവർത്തിക്കുന്നത് എന്ന് ജി. സുകുമാരൻ നായർ ചൂണ്ടിക്കാട്ടുന്നു.
വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം എൻഎസ്എസിനോട് വേണ്ടായിരുന്നു എന്ന് ജി. സുകുമാരൻ നായർ പറയുന്നു. വിജയരാഘവന്റെ ലേഖനം മറുപടി അർഹിക്കുന്നില്ല. എങ്കിലും ലേഖനത്തിലെ പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും ജി. സുകുമാരൻ നായർ പറയുന്നു.
advertisement
സാമ്പത്തിക സംവരണം അടക്കമുള്ള വിഷയങ്ങളിൽ എൻഎസ്എസ് നിലപാട് സുകുമാരൻ നായർ ചൂണ്ടിക്കാട്ടുന്നുണ്ട്. തെരഞ്ഞെടുപ്പ് ദിവസം താൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്ന് വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഇതിൽ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല.
വിഷയത്തിന് മത-സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുൻപിൽ നൽകിയ 'അയ്യപ്പനും ഭൂതഗണങ്ങളും' എന്ന പരാമർശം ചൂണ്ടിക്കാട്ടിയാണ് സുകുമാരൻ നായരുടെ മറുപടി. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായി ജി. സുകുമാരൻ നായർ തെരഞ്ഞെടുപ്പ് ദിവസം ചങ്ങനാശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. വിശ്വാസികളുടെ പ്രതിഷേധം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
'സാമുദായിക സംഘടനകളും ജനവിധിയും' എന്ന തലക്കെട്ടോടുകൂടി ദേശാഭിമാനി ദിനപത്രത്തിലാണ് എ. വിജയരാഘവൻ ഇന്ന് ലേഖനം എഴുതിയത്. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എൻഎസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തിക്കുന്ന സമീപനമായിക്കും ആ സമുദായത്തിൽ നിന്നുണ്ടാകുകയെന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ സി.പി.എം. സംസ്ഥാനസെക്രട്ടറി എ വിജയരാഘവൻ പറഞ്ഞിരുന്നു.
വർഗീയധ്രുവീകരണവും സാമ്പത്തികപരിഷ്കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻഎസ്എസിനെപ്പോലുള്ള സമുദായ സംഘടനകൾ നോക്കുന്നില്ല. ആർഎസ്എസിന്റെ പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ സമുദായ സംഘടനകൾ ശ്രമിക്കുന്നത് തുടങ്ങിയ കടുത്ത വിമർശനങ്ങളായിരുന്നു വിജയരാഘവൻ ലേഖനത്തിൽ ഉയർത്തിയത്.
സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താൽപ്പര്യത്തിന് എതിരായിരിക്കുമെന്ന് മനസ്സിലാക്കണം. എൻഎസ്എസുമായി ഏറ്റുമുട്ടാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞ വിജയരാഘവൻ ഒരു ജാതി–മത സംഘടനയുടെയും അനാവശ്യ സമ്മർദത്തിന് വഴങ്ങാൻ എൽ.ഡി.എഫ്. തയ്യാറല്ല എന്നും പറഞ്ഞിരുന്നു.
