കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിപ്പോയ തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ തന്നെ പോരാട്ടത്തിനിറക്കിയതിലൂടെ സിപിഐ ലക്ഷ്യമിടുന്നത് വലിയ മുന്നേറ്റമാണ്. 2005ൽ പി കെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിലൂടെയാണ് പന്ന്യന്‍ തിരുവനന്തപുരത്ത് നിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയത്.
Also Read- രാഹുൽ ഗാന്ധി വയനാട്ടിലേക്കില്ല? കേരളത്തിന് പുറത്ത് രണ്ട് ലോക്സഭാ സീറ്റുകളിൽ മത്സരിച്ചേക്കും
സുരേഷ് ഗോപിയുടെ വരവോടെ ബിജെപി വോട്ട് ഗണ്യമായി കൂടിയ തൃശൂരില്‍ പാര്‍ട്ടിയിലെ ഏറ്റവും ജനകീയ നേതാക്കളില്‍ ഒരാളും മുന്‍ മന്ത്രിയുമായ സുനില്‍കുമാറിനെ പാർട്ടി നിയോഗിച്ചിരിക്കുകയാണ്. ലോക്സഭയിലേക്ക് സുനില്‍കുമാറിന്റെ കന്നിയങ്കമാണിത്. ജില്ലയിലെ ചേര്‍പ്പില്‍ നിന്ന് ഒരു തവണയും കൈപ്പമംഗലത്ത് നിന്ന് രണ്ട് തവണയും തൃശൂരില്‍ നിന്ന് ഒരു തവണയും എംഎല്‍എയായിട്ടുള്ള സുനില്‍കുമാറിന്റെ അഞ്ചാമങ്കമാണിത്.
advertisement
രാഹുല്‍ ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ച വയനാട്ടില്‍ ഇത്തവണ മുതിര്‍ന്ന നേതാവ് ആനി രാജയെ നിര്‍ത്തി മത്സരം കടുപ്പിക്കുകയാണ് സിപിഐ. ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ട രണ്ട് പാര്‍ട്ടികളിലെ അതും ദേശീയ നേതാക്കള്‍ തന്നെ നേരിട്ട് ഏറ്റുമുട്ടുന്ന സാധ്യതയാണ് വയനാട്ടില്‍ ഒരുങ്ങുന്നത്. ഇതിനിടെയാണ് രാഹുല്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ലെന്ന റിപ്പോർട്ട് വരുന്നത്. സിപിഐയുടെ വനിതാ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിന്റെ ജനറല്‍ സെക്രട്ടറിയായ ആനി രാജയുടെ കന്നിയങ്കമാണിത്. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ഭര്‍ത്താവ്.
എഐവൈഎഫ് നേതാവായ അഡ്വ. സി എ അരുണ്‍കുമാറിലൂടെ കൈവിട്ടുപോയ മാവേലിക്കര സീറ്റ് തിരിച്ചുപിടിക്കാനാണ് സിപിഐ ലക്ഷ്യമിടുന്നത്. ചെങ്ങറ സുരേന്ദ്രന്‍ രണ്ട് തവണ ജയിച്ച സീറ്റ് കഴിഞ്ഞ മൂന്നു തവണയായി വീണ്ടും കൊടിക്കുന്നില്‍ സുരേഷാണ് ജയിക്കുന്നത്. പുതുമുഖമായ അരുണ്‍കുമാര്‍ മന്ത്രി പി പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവെയാണ് പാര്‍ട്ടി പുതിയ ദൗത്യം ഏല്‍പിക്കുന്നത്.
