നിലവില്‍ 15 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. ഇതില്‍ ഏഴു പേര്‍ മാത്രമാണ് പ്രൊഫഷനലുകള്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ വൈദഗ്ധ്യമില്ലായ്മ കെഎസ്ആര്‍ടിസിയുടെ ദയനീയ അവസ്ഥയ്ക്ക് മുഖ്യകാരണമായെന്ന് സുശീല്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. അതിനാല്‍ രാഷ്ട്രീയക്കാരെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ പൂര്‍ണമായി പ്രൊഫഷനലുകളെ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. കെഎസ്ആര്‍ടിസി പുനരുദ്ധാരണ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ശുപാര്‍ശ നടപ്പിലാക്കുന്നത്.
advertisement
ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ ശുപാര്‍ശ അംഗീകരിച്ചതോടെ തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. അതേസമയം കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചുകൊണ്ടുള്ള നിയമപ്രകാരം പ്രൊഫഷനലുകള്‍ മാത്രമേ ബോര്‍ഡില്‍ ഉണ്ടാകാന്‍ പാടുള്ളു.
ആര്‍ ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗങ്ങളായത്. തുടര്‍ന്ന് അംഗങ്ങളുടെ എണ്ണത്തില്‍ ക്രമേണ വര്‍ധനവുണ്ടായി. രാഷ്ട്രീയക്കാരെ ഒഴിവാക്കുന്നതോടെ പ്രൊഫഷനലുകള്‍ മാത്രമുള്ള ബോര്‍ഡ് നിലവില്‍ വരുന്നതോടെ കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.