വൈരമുത്തുവിന് പുരസ്കാരം നൽകുന്നതിനെതിരായി പാർവതി തിരുവോത്ത്, മീന കന്ദസാമി, ചിന്മയി ശ്രീപദ തുടങ്ങിയവർ പ്രതിഷേധമറിയിച്ചു. വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയർത്തിയവരിൽ ഒരാളാണ് ഗായിക ചിന്മയി ശ്രീപദ.
"കമല സുരയ്യയുൾപ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാൽ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എൻ. വി സാംസ്‌കാരിക അക്കാദമി അവാർഡ് നൽകുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതർ." മീന കന്ദസാമി കുറിച്ചു.
ഇക്കഴിഞ്ഞ ദിവസവും വൈരമുത്തുവിനെതിരെ പ്രതിഷേധം രൂപപ്പെട്ടിരുന്നു. യൂട്യൂബ് ചാനലിൽ പുറത്തിറക്കിയ 'എൻ കാതലാ' എന്ന ഗാനത്തിലെ വരികളാണ് പലരും ചൂണ്ടിക്കാട്ടിയത്. കൗമാരക്കാരിയായ പെൺകുട്ടി ഇരട്ടി പ്രായമുള്ള, നരകയറിയ കവിയായ കാമുകന് വേണ്ടി പാടുന്നതായാണ് വരികൾ. 'നാട്ട്പാട് തേരൽ' എന്ന 100 ഗാനങ്ങളുടെ സമാഹരണമാണ് ഇത്. മലയാളി താരം അനിഖ സുരേന്ദ്രനാണ് ഇതിൽ വേഷമിട്ടിരിക്കുന്നത്. വരികളിൽ ബാലപീഡനത്തിന്റെ ഛായ അടങ്ങിയിട്ടുണ്ട് എന്ന പേരിലാണ് പ്രതിഷേധം. ജാതിമതങ്ങൾ വഴിമാറുമ്പോൾ പ്രായം പ്രണയത്തിനു തടസ്സമാവുമോ എന്ന ചോദ്യമാണ് ഈ ഗാനം ഉയർത്തുന്നത്.