തെരഞ്ഞെടുപ്പ് കാലത്ത് അപ്രതീക്ഷിതമായേറ്റ കനത്ത പ്രഹരത്തിന്റെ ഞെട്ടലിലാണ് സി.പി.എം. ജില്ലാ സെക്രട്ടറിയും എം.എല്‍.എയും കൊലക്കേസിലെ പ്രതിപട്ടികയില്‍പ്പെട്ടു എന്നതു മാത്രമല്ല വിഷയം, ജയം ഉറപ്പുള്ള സ്ഥാനാര്‍ത്ഥിയുടെ സാധ്യതകൂടിയാണ് മങ്ങിയത്. പി. ജയരാജന്‍ ലോക്സഭതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ക്കിടയിലാണ് ഷുക്കൂര്‍ കൊലക്കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. വടകര, കാസര്‍കോഡ് മണ്ഡലങ്ങലിലേക്ക് പറഞ്ഞ് കേട്ടിരുന്ന പി ജയരാജനെ ഇനി സി.പി.എം സ്ഥാനാര്‍ഥിയാക്കാന്‍ സാധ്യതയില്ല. ജയരാജന്‍ മത്സരത്തില്‍ നിന്നും മാറി നിന്നാലും പ്രതിസന്ധി ഒഴിയില്ല.
തെക്കന്‍ കേരളത്തില്‍ ശബരിമല വിഷയം പ്രധാനചര്‍ച്ചയാവുമെന്ന് കരുതിയിരുന്ന തെരഞ്ഞെടുപ്പില്‍ ഇനി അക്രമരാഷ്ട്രീയവും സി.പി.എമ്മിന് എതിരായ പ്രധാന പ്രചരണായുധമാകും. സി.പി.എം ജില്ലാ സെക്രട്ടറിതന്നെ കൊലക്കേസില്‍ പ്രതിയായത് രാഷ്ട്രീയ വിജയമായാണ് മുസ്ലീംലീഗും വിലയിരുത്തുന്നത്.
advertisement
സി.ബി.ഐ നീക്കത്തെ രാഷ്ട്രീയമായി നേരിടുക എന്നതു മാത്രമാണ് സി.പി.എമ്മിന് മുന്നിലുള്ള വഴി. പുതിയ തെളിവുകളൊന്നും ഇല്ലാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് സി.പി.എം ആരോപിക്കുന്നത്. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന സി.പി.എമ്മിന്റെ പ്രതിരോധം പുതിയ സാഹചര്യത്തില്‍ എത്രകണ്ട് വിജയിക്കുമെന്നും കണ്ടറിയണം.