ശബരിമല നട ഇന്നലെ വൈകീട്ട് 4. 51ഓടെയാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. കാലവസ്ഥ പ്രതികൂലമായതിനാല്‍ പമ്പാ സ്‌നാനത്തിന് അനുമതിയില്ല.
സന്നിധാനം, നടപ്പന്തല്‍ നവീകരണം, നടപ്പന്തല്‍ വൃത്തിയാക്കല്‍, ആരോഗ്യ വകുപ്പിന്റെ ആശുപത്രികളുടെ ക്രമീകരണം, സന്നിധാനത്തെയും പരിസരത്തെയും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റല്‍, കുടിവെള്ള വിതരണ കിയോസ്‌ക്, പ്രസാദ വിതരണം, ശുചിമുറി സൗകര്യം, ദര്‍ശനത്തിന് വരിനില്‍ക്കുന്നതിനുള്ള ക്രമീകരണം, സുരക്ഷാ ക്രമീകരണം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
advertisement
ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ അവസരം കിട്ടാത്ത തീര്‍ഥാടകര്‍ക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല തീര്‍ഥാടന കാലത്ത് 30,000 പേര്‍ക്കാണ് ദര്‍ശനനുമതി. ആധാര്‍ കാര്‍ഡ്, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ എന്നിവ കൈയില്‍ കരുതണം. നിലയ്ക്കലില്‍ ആര്‍ടി ലാംപ്, ആന്റിജന്‍ പരിശോധന സൗകര്യമുണ്ട്. ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളിലും പ്രധാന ഇടത്താവളങ്ങളിലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള കിയോസ്‌കുകള്‍ ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്.
Also Read-Sabarimala |ശബരിമല തീര്‍ഥാടനം: ബേക്കറി സാധനങ്ങളുടെ വില നിലവാരം നിശ്ചയിച്ചു
സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഭക്തര്‍ക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്.
തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ ബസുകളും ജീവനക്കാരെയും കെ എസ് ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. ശബരിമല സന്നിധാനത്തും പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണം കെ എസ് ഇ ബി ഒരുക്കി.
