ഇറക്കം ഇറങ്ങുമ്പോള്‍ ഇന്ധനം ലാഭിക്കാനായി ഗിയര്‍ മാറ്റി ന്യൂട്രലില്‍ ഇട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. കുത്തനെ ഇറക്കവും കൊടും വളവുകളുമാണുള്ള സ്ഥലമാണ് ഇലവുങ്കലില്‍ നിന്നും കണമല വഴി എരുമേലിയിലേക്കുള്ള പാത. ശബരിമല റൂട്ടില്‍ വരുന്ന വാഹനങ്ങള്‍ ഇറക്കമിറങ്ങുമ്പോള്‍ ഗിയര്‍ മാറ്റി ന്യൂട്രലില്‍ സഞ്ചരിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്‍പ് പല തവണ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീസണ്‍ സമയമല്ലാത്തതിനാല്‍ പല ഡ്രൈവര്‍മാരും ഇതിനെ പറ്റി ബോധവാന്മാരല്ല.
advertisement
ഇതോടെ ബസിന്‍റെ എഞ്ചിന്‍ ഓഫാക്കുകയും, ഇടയ്ക്കിടെ ബ്രേക്ക് ചെയ്യുകയും ചെയ്തതുവഴി ബ്രേക്കിങ്ങ് സംവിധാനത്തില്‍ നിന്ന് എയര്‍ ചോര്‍ന്നു പോയി.ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ ബ്രേക്കിട്ടപ്പോള്‍ ബ്രേക്ക് ലഭിക്കാതെ വന്നു. ഡ്രൈവര്‍ ബസ് ഇടത്തേക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് വലതുഭാഗത്തേക്ക് മറിയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ പിഴവുണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഡ്രൈവര്‍ ബാലസുബ്രഹ്മണ്യം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഡ്രൈവറുടെ മൊഴിയെടുത്ത ശേഷമാകും തുടര്‍നടപടി.
അതേസമയം ഇലവുങ്കല്‍ അപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അപകടകാരണം അറിയിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വാഹനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരടക്കം 64 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. 50 പേര്‍ക്കാണ് പരിക്കേറ്റത്.