തൃക്കരിപ്പൂരുമായുള്ള തന്റെ ആത്മബന്ധം സന്ദീപ് വാര്യർ വെളിപ്പെടുത്തി. താൻ പുറത്തുനിന്നുള്ള ആളല്ലെന്നും 30 വർഷത്തോളം ഇവിടെ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഗോവിന്ദ വാര്യരുടെ മകനാണ് താനെന്നും സന്ദീപ് വാര്യർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ ആവേശോജ്ജ്വലമായ സ്വീകരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"തൃക്കരിപ്പൂരിന്റെ സ്നേഹമാണ് ഈ ആവേശമായി കാണുന്നത്. സാംസ്കാരിക വൈവിദ്യങ്ങളുടെ പ്രതീകമാണ് കാസർകോടും തൃക്കരിപ്പൂരും. ഈ വൈവിദ്യങ്ങളെ അംഗീകരിക്കുന്ന മനോഹരമായ നാട്ടിലേക്ക് കടന്നുവരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഡിസിസി പ്രസിഡന്റ് ഫൈസലിന്റെ നേതൃത്വത്തിലുള്ള മുഴുവൻ നേതാക്കളുമാണ് എന്നെ സ്വീകരിച്ചത്. ഇവിടെയുള്ള ആളുകൾ അവരിൽ ഒരാളായി എന്നെ ചേർത്തുനിർത്തിയതാണ് ഈ സ്വീകരണം കൊണ്ട് വ്യക്തമാകുന്നത്.
advertisement
ആറ് പതിറ്റാണ്ട് കാലത്തെ ഇരുണ്ട ഭരണത്തിൽ നിന്ന് തൃക്കരിപ്പൂരിനെ മോചിപ്പിക്കാനുള്ള സുവർണ അവസരമാണിത്. സിപിഎം പ്രവർത്തകർ ഉൾപ്പെടെ ഇത് ആഗ്രഹിക്കുന്നുണ്ട്. ഈ ദുർഭരണം അവസാനിക്കണമെന്നാണ് അവരും ആഗ്രഹിക്കുന്നത്. വികസനത്തിന്റെ വെള്ളിവെളിച്ചം തൃക്കരിപ്പൂരിലേക്ക് കടന്നുവരണം.
നാനാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത്യുജ്ജല വിജയം യുഎഡിഎഫിനുണ്ടായിരിക്കുമെന്നും" സന്ദീപ് വാര്യർ പറഞ്ഞു.
