.കഴിഞ്ഞ ഞായറാഴ്ചയാണ് ബിജെപിയുടെ സ്ഥാനാര്‍ഥിപട്ടിക പുറത്തെത്തിയത്. അതില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കഴക്കൂട്ടത്ത് ഒരു 'സസ്പെന്‍സ്' ഉണ്ടെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിച്ചു. പല പ്രമുഖരുടെ പേരുകളും മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു വാർത്തകൾ. ഇതിനിടെ കഴക്കൂട്ടത്ത് തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.
advertisement
എന്നാല്‍ ആ സസ്പെന്‍സ് നിലനിര്‍ത്താനോ അതിന് അനുസരിച്ച സ്ഥാനാര്‍ഥിയെ കൊണ്ടുവരാനോ ബിജെപിക്ക് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സീറ്റ് നൽകാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്. ഏറെ ചര്‍ച്ചകൾക്ക് ഒടുവിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.
2016ൽ ഏറ്റവും വാശിയേറിയ ത്രികോണ പോര് കണ്ട മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി മുരളീധരനും എം എ വാഹിദും ഏറ്റുമുട്ടിയപ്പോൾ 7347 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കടകംപള്ളി വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇക്കുറിയും കടകംപളളി സുരേന്ദ്രനാണ് മത്സരരംഗത്തുള്ളത്.
Also Read- അയ്യപ്പനെ അവഹേളിച്ച സ്വരാജ് പരാജയപ്പെടണം'; കെ ബാബുവിന് കെട്ടിവെയ്ക്കാനുള്ള പണം നൽകി ശബരിമല മേൽശാന്തി
ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ശോഭ സുരേന്ദ്രൻ. എന്നാൽ പിണറായി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപളളി സുരേന്ദ്രനെതിരേ മത്സരിക്കണമെന്ന പാർട്ടി നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. വിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത് വിശ്വാസികളെ വേദനിപ്പിച്ച വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നും അങ്ങനെയുള്ള ഒരാൾക്കെതിരേ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Also Read- 'ധർമടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ, സംശയമില്ല': ജോയ് മാത്യു
ശബരിമല പ്രശ്നത്തിൽ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. ശോഭാ സുരേന്ദ്രന്‍റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ് എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്.
മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന്‍ പിന്‍മാറിയിരുന്നു. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മണികണ്ഠന്‍ പിന്മാറിയത്. സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നം അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ വേറെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.