കാറ് പോലും കയറാത്ത വീട്ടിൽ താമസിക്കുന്നതിന് പോലും അസൗകര്യം ഉള്ള സ്ഥിതിക്കാണ് വിൽപ്പന നടത്തിയത്. അതിനുള്ള പൂര്‍ണ്ണ അവകാശവും ഉണ്ട്. വീട് വാങ്ങിയവരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സ്മാരകമാക്കാൻ താൽപര്യമുണ്ടെങ്കിൽ തൊട്ടടുത്ത് തന്നെയുള്ള അഭയ എന്ന തറവാട് വീടാണ് അതിന് അനുയോജ്യമെന്നും ലക്ഷ്മി ദേവി പ്രസ്താവനയിൽ പറഞ്ഞു.
ലക്ഷ്മി ദേവി പ്രസ്താവനയുടെ പൂർണ്ണരൂപം;
സുഗതകുമാരിയുടെ ‘വരദ’ വീട് വിറ്റത് ഇപ്പോള്‍ വിവാദമായിരിക്കുകയാണല്ലോ. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്.
advertisement
1. സുഗതകുമാരിയുടെ മരണ ശേഷം തിരുവനന്തപുരത്ത് ഒരു സ്മാരകം പണിയണം എന്നൊരു നിവേദനം ടി. പത്മനാഭന്‍, അടൂര്‍ ഗോപാലകഷ്ണൻ, സാറാ ജോസഫ്, (ശീകുമാരന്‍ തമ്പി, കെ. ജയകുമാര്‍, ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങിയ പ്രമുഖർ ഒപ്പിട്ട് മുഖ്യമന്ത്രിയ്ക്കും സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്കും നല്‍കിയിരുന്നു. അതിന്മേലുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് അറിയുന്നു. വരദ സ്മാരകമാക്കാന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടില്ല.
2. അമ്മ താമസിച്ചിരുന്ന വരദ എന്ന വീട് എന്റെ അച്ഛന്‍ പണിയിച്ചതാണ്. അത് എനിക്ക് ഒരാവശ്യം വന്നാൽ വിൽക്കാൻ പറഞ്ഞ് രേഖാമൂലം അമ്മ എന്റെ പേരിലാക്കി തന്നതാണ്. അമ്മയുടെ മരണശേഷം കഴിഞ്ഞ രണ്ടര വര്‍ഷമായി അടച്ചിട്ടിരുന്ന വീട് ജീര്‍ണ്ണിച്ചു തുടങ്ങി. നിയമപരമായി അമ്മയുടെ ഏക അവകാശി എന്ന നിലയിൽ അത് വിൽക്കാൻ എനിക്ക് പരിപൂര്‍ണ്ണ സ്വാത്രന്ത്യമുണ്ട്. മാതമല്ല വീട് നശിപ്പിക്കുകയില്ലായെന്നും വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുകയില്ലായെന്നും ഉറപ്പു തന്നവര്‍ക്കാണ് ഞാനീ വീട് കൈമാറിയത്.
3. വരദയിൽ പ്രവേശിക്കുവാൻ ഉള്ള വഴി അമ്മയുടെ സഹോദരിയുടെ വീടിന്റെ മുറ്റത്തു കൂടിയാണ്. ആ വഴി അമ്മയുടെ മരണാനന്തരം ആ വീടിന്റെ അനന്തരവകാശി അടച്ചു. ഒരു കാര്‍ പോലും കയറാത്ത വരദ സ്മാരകമാക്കുന്നത് ഉചിതമല്ല. അതുകൊണ്ടാണ് സര്‍ക്കാരിനോട് അതിനു വേണ്ടി ആവശ്യപ്പെടാത്തത്. സ്മാരകമാക്കാനോ താമസിക്കാനോ പറ്റാത്ത ആ വീട് വിൽക്കുകയല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. മാത്രമല്ല, വരദ സ്മാരകമാക്കാം എന്നാവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്രയും നാൾ എന്നെ സമീപിച്ചിട്ടില്ല.
4. അഥവാ വീട് തന്നെ സ്മാരകമാക്കണമെങ്കില്‍ അതിന് ഏറ്റവും ഉചിതം എന്റെ അപ്പൂപ്പന്‍ ബോധേശ്വരനും അമ്മുമ്മ കാര്‍ത്ത്യായനിഅമ്മയും നിര്‍മ്മിച്ചതും അമ്മ സ്വജീവിതത്തിന്റെ സിംഹഭാഗവും സഹോദരിമാരായ ഹൃദയകുമാരി, സുജാതാദേവി എന്നിവരുമൊത്ത് താമസിച്ചിരുന്നതുമായ “അഭയ? എന്ന വീടാണ്. അമ്മയുടെ വിവാഹം നടന്നതും അവിടെ വെച്ചാണ്. മാത്രമല്ല അമ്മ 1985 ല്‍ തുടങ്ങിയ സേവന സംഘടനയ്ക്കും *അഭയ’ എന്ന പേരു നല്‍കിയത് അമ്മയ്ക്ക് ആ വീടിനോടുള്ള വൈകാരിക ബന്ധം കൊണ്ടാണ്. താന്‍ മരിച്ചാൽ മൃതദേഹം അഭയ എന്ന വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടിരുന്നു.
5. വരദ വിറ്റു പോയപ്പോള്‍ പല വിധത്തിലുള്ള ഭീഷണികള്‍ എനിക്കും ആ വീട് വാങ്ങിയവര്‍ക്കും നേരെ ഉണ്ടാകുന്നുണ്ട്. ആ വീട്ടിൽ പ്രവേശിക്കുവാന്‍ ആരേയും അനുവദിക്കുയില്ലായെന്നും ഊഴം വെച്ച് കാവല്‍ നിന്ന് അത് തടയും എന്നും മറ്റുമുള്ള ചിലരുടെ പ്രസ്താവനകള്‍ വീട് വാങ്ങിച്ചവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. യാതൊരു അവകാശവും അമ്മയുടെ മേലോ വീടിനോടോ ഉള്ള ആളുകളല്ല ഇങ്ങനെ ഭീഷണി മുഴക്കുന്നത്. ദയവു ചെയ്ത് ആ വീടു വാങ്ങിയ നിരപരാധികളുടെ സ്വൈരതയും അവകാശവും ഭഞ്ജിക്കാതെ ഇതില്‍ നിന്നും പിന്മാറണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇതോടുകൂടി ഈ വിവാദം ഇവിടെ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊന്നും പറയാനില്ല.
ലക്ഷ്മീദേവി
(സുഗതകുമാരിയുടെ മകൾ)