എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നൽകുകയായിരുന്നു. ഇക്കാലയളവിൽ എയർ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു സ്വപ്‌ന. സാറ്റ്‌സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉൾപ്പെടെ ഷിബു പരാതി നൽകിയതിലുള്ള വൈരാഗ്യമായിരുന്നു വ്യാജ പരാതി നൽകാൻ കാരണമായത്.
എയർ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരെന്ന പേരിൽ പതിനാറോളം വനിതകളെ സ്വപ്‌ന ഹാജരാക്കുകയും ഇവരെ കൊണ്ട് പരാതി നൽകുകയുമായിരുന്നു. ആദ്യം വലിയ തുറ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും സ്വപ്നയെ പ്രതി ചേർത്തിരുന്നില്ല. തുടർന്ന് ഷിബു ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു. ഈ കേസിൽ സ്വപ്നയെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി.
advertisement
സ്പേസ് പാർക്കിലും സാറ്റ്സിലും
ജോലി നേടുന്നതിനായി സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ സർവകലാശാലയുടേത് എന്ന പേരിലുള്ള ബിരുദ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. ബികോം ബിരുദധാരിയെന്ന് കാണിക്കാനായിരുന്നു സർട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സർവകലാശാലയായ ഇവിടെ ബികോം കോഴ്സ് പോലുമില്ല.
സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉള്ളത് നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതനുസരിച്ച് സ്പേസ് പാർക്കും സാറ്റ്സും നൽകിയ കേസിലും അറസ്റ്റ് രേഖപ്പെടുത്തി.