പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും ക്രൈംബ്രാഞ്ചിന്റെ കേസും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇ ഡിയുടെ നിലപാട്. സമ്മർദ്ദങ്ങളില്ലാതെ സ്വമേധയാ നൽകിയ മൊഴിയാണെന്ന് സ്വപ്ന മൊഴി പകർപ്പിൽ തന്നെ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. മാത്രമല്ല, ഇ ഡി രേഖപ്പെടുത്തിയിരിക്കുന്ന മൊഴിയിൽ ഒരിടത്തു പോലും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പേര് പരാമർശിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ കേസെടുക്കുകയും മൊഴി നൽകുകയും ചെയ്തത് ഗൂഢാലോചനയാണെന്ന് ഇ ഡി ആരോപിക്കുന്നു.
വർഗീയത പറഞ്ഞ് വോട്ടുപിടുത്തം: സന്ദീപ് വാചസ്പതിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
advertisement
അന്വേഷണം ഉന്നതരിലേക്ക് എത്തുന്നത് തടയുക, അന്വേഷണം തടയുക തുടങ്ങിയ ലക്ഷൃങ്ങളോടെയാണ് ഈ നീക്കം. ഇതിന് പിന്നിൽ രാഷ്ട്രീയ - ഉദ്യോഗസ്ഥ ഗൂഢാലോചനയുണ്ട്. ഇങ്ങനെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ സംസ്ഥാനങ്ങൾ കേസെടുത്താൽ ഒരു അന്വേഷണവും മുന്നോട്ട് പോകാത്ത സാഹചര്യമുണ്ടാകും. കേസന്വേഷണങ്ങൾ അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾക്ക് എതിരെ സി ബി ഐ അന്വേഷണം വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ എടുത്ത എഫ് ഐ ആർ റദ്ദാക്കണമെന്നും ഇ ഡി ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ടെന്ന സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയ്ക്ക് പിന്നിൽ പൊലീസാണെന്ന് കേന്ദ്ര ഏജൻസികൾ
സ്വപ്ന തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലാണെങ്കിലും കേരള പൊലീസാണ് സ്വപ്ന സുരേഷിന് കാവലായിട്ടുള്ളത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത പൊലീസുകാരിലൊരാൾ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിച്ച് സ്വപ്നയ്ക്ക് ഫോൺ നൽകുകയായിരുന്നുവെന്നാണ് വിവരം.
ഫോണിൽ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി ധരിപ്പിച്ച ശേഷം ഉദ്യോഗസ്ഥൻ സ്വപ്നയുടെ സംഭാഷണം റെക്കോർഡ് ചെയ്യുകയായിരുന്നുവെന്നാണ് അറിയുന്നത്. ആരാണ് ഈ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വപ്ന പറഞ്ഞിട്ടില്ല.
അന്വേഷണം വഴി തെറ്റിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസും മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് ഏജൻസികൾ പറയുന്നു. അതേസമയം അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല സ്വപ്നയുടെ ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തിട്ടുള്ളത് എന്നാണ് ജയിൽ വകുപ്പിന്റെ റിപ്പോർട്ട്.
ഇ ഡിക്കെതിരെ കേസ് എടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്. അതിനാൽ, സംസ്ഥാന ഏജൻസികൾക്ക് കേസെടുക്കാനോ അന്വേഷണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനോ അധികാരമില്ല. ഇത്, കോടതിയിൽ നിന്ന് ഉത്തരവായി സമ്പാദിക്കാനാണ് ഇ ഡിയുടെ തീരുമാനം. ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ ലക്ഷ്യവും അതാണ്. ക്രൈംബ്രാഞ്ച് എടുത്ത എഫ് ഐ ആർ നിലനിൽക്കില്ലെന്നും ഇ ഡിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.