അഗസ്ത്യാര്‍കൂടത്തെ കുറിച്ച് ഐതീഹ്യവും നിലനില്‍ക്കുന്നുണ്ട്. വനവാസകാലത്ത് ശ്രീരാമനും സംഘവും കഴിച്ചാല്‍ വിശപ്പുവരാത്ത ആരോഗ്യപ്പച്ചയെന്ന അഗസ്ത്യപ്പച്ചയുടെ ഇലകള്‍ കഴിച്ചിട്ടുണ്ടെന്ന് വിശ്വാസിക്കപ്പെടുന്നു. തൻ്റെ ഉയരത്തില്‍ അഹങ്കരിച്ചിരുന്ന വിന്ധ്യാപര്‍വ്വതത്തിൻ്റെ അഹങ്കാരം ശമിപ്പിക്കുവാന്‍ സപ്തര്‍ഷികളിലൊരാളായ അഗസ്ത്യമുനി ദക്ഷിണദിക്കിലേക്ക് വന്നു താമസിച്ച ഇടമാണ് അഗസ്ത്യാര്‍കൂടമെന്നും വിശ്വസിക്കപ്പെടുന്നു.
അഗസ്ത്യകൂടം കയറാൻ വനം വകുപ്പിൻ്റെ അനുമതി ആവശ്യമാണ്. എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളിൽ അനുമതി നൽകപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാൻ സാധാരണഗതിയിൽ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിൻ്റെ സംരക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം.
advertisement
മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു. അഗസ്ത്യകൂടത്തിൻ്റെ ചുറ്റുമുള്ള ബ്രൈമൂർ, ബോണക്കാട്, പൊൻമുടി എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ജോൺ അലൻ ബ്രൌൺ എന്ന സ്കോട്ട്ലാൻ്റുകാരനായ ശാസ്ത്രജ്ഞൻ അഗസ്ത്യകൂടത്തിൽ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.
അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്കു മനസ്സിലാകും, ഈ യാത്രയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു യാത്രയ്ക്കും കഴിയിയല്ലെന്ന യാഥാര്‍ത്ഥ്യം. പശ്ചിമഘടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്ന ഒരിടമാണ് അഗസ്ത്യാര്‍കൂടം. നിബിഡവനങ്ങളും ജലസമൃദ്ധമായ കാട്ടരുവികളും ഇവിടുത്തെ പ്രത്യേകതയാണ്. പക്ഷേ ഇക്കൂട്ടത്തിലെ യഥാര്‍ത്ഥ വസ്തുത ഇവയൊന്നുമല്ല. ഒരുപക്ഷേ മറ്റെവിടെയും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യമേറിയ ഔഷധസസ്യങ്ങളുടെ വിളനിലം കൂടിയാണ് ഇവിടം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു വിസ്മയ ഭൂമി.