ഞണ്ടുപാറയുടെ പ്രകൃതി മനോഹരമായ കാഴ്ചകൾ മാറ്റി നിർത്തിയാല്‍ ഇവിടുത്തെ പ്രധാന ആകർഷണം ഞണ്ടുപാറ ഗുഹാ ക്ഷേത്രമാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം. ഞണ്ടിന്‍റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രത്തിന് ഈ പേരുകിട്ടുന്നത്. ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നുണ്ടെന്നുമാണ് വിശ്വാസം.
advertisement
പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോള് നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തുമായിരുന്നുവത്രെ. ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു വിശ്വാസമുണ്ട്. പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഇത്. ഇവിടേക്കുള്ള യാത്രകള്‍ വൈകുന്നേരമാക്കുന്നതാണ് നല്ലത്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ വെയിലാറുമ്പോള്‍ കയറുന്നതായിരിക്കും നല്ലത്. പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം.തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. അമ്പൂരിക്ക് തൊട്ടടുത്ത് കുട്ടമലയും കുട്ടമലയോട് ചേർന്ന് ഞണ്ടുപാറയും സ്ഥിതി ചെയ്യുന്നു.അമ്പൂരി- കുട്ടമല റോഡിൽ എസ്എൻഡിപി ഓഫീസിന് എതിർവശത്തുള്ള കവാടത്തിലൂടെ മുകളിലോട്ട് കയറിയാൽ മതി ഞണ്ട് പാറയിൽ എത്തിച്ചേരാൻ.