അർജുനനെ പശുപതാസ്ത്രം നൽകി അനുഗ്രഹിക്കാൻ കിരാതവേഷത്തിൽ പ്രത്യക്ഷപ്പെട്ട ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭരണത്തിന് കീഴിലുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം മീനമാസം എട്ടിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിൻ്റെയും മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് നടക്കുന്നത്.
ഉത്സവദിനങ്ങളിൽ പുഷ്പാഭിഷേകം, ഉത്സവബലി പൂജ, കളമെഴുത്തും പാട്ടും തുടങ്ങിയ വിശേഷാൽ ചടങ്ങുകൾക്കൊപ്പം വിവിധ കലാ-സാംസ്കാരിക പരിപാടികളും അന്നദാനവും നടക്കും. ഉത്സവത്തിൻ്റെ എട്ടാം നാൾ നടക്കുന്ന ഭക്തിനിർഭരമായ പൊങ്കാലയും തിരുആറാട്ടും ഭക്തജനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്.
advertisement
ആറാട്ടിനു ശേഷം കൊടിയിറങ്ങുന്നതോടെ എട്ടു ദിവസത്തെ ഉത്സവത്തിന് സമാപ്തിയാകും. മഹാശിവരാത്രി, തിരുവാതിര, പ്രദോഷം തുടങ്ങിയ ദിനങ്ങൾ ഏറെ വൈശിഷ്ട്യത്തോടെ കൊണ്ടാടുന്ന ഈ പുണ്യസങ്കേതം തലസ്ഥാനത്തെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.
