അത്യാധുനിക പവലിയനും ഗ്രൗണ്ടും ഹൈടെക് ഫ്‌ലഡ്‌ലൈറ്റ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള ലോകോത്തര സൗകര്യങ്ങൾ ഒരേ കുടക്കീഴിൽ ഒരുങ്ങുന്ന കേരളത്തിലെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയം എന്ന സവിശേഷതയും ഇതിനുണ്ട്. രാത്രികാലങ്ങളിൽ തടസ്സമില്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള എൽ.ഇ.ഡി. ഫ്‌ലഡ്‌ലൈറ്റ് സംവിധാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ സ്വിച്ച് ഓൺ ചെയ്തു.
സ്റ്റേഡിയത്തിൻ്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കമായി. കെ.സി.എ. സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും, മഴക്കാലത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം ഉറപ്പാക്കുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൻ്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലും നിർവ്വഹിച്ചു.
advertisement
ചടങ്ങിൽ പ്രദേശത്തെ ജനപ്രതിനിധികളും കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. മംഗലപുരം സ്റ്റേഡിയത്തിൻ്റെ മാതൃക പിന്തുടർന്ന് വരും കാലങ്ങളിൽ കേരളത്തിലെ മറ്റ് ജില്ലകളിലും സമാനമായ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് കെ.സി.എ. പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത് വി. നായർ അറിയിച്ചു.
പുതിയ സ്റ്റേഡിയവും അക്കാദമിയും സജ്ജമാകുന്നതോടെ സംസ്ഥാനത്തെ കായിക പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാകുമെന്നും പുതിയ താരങ്ങളെ വളർത്തിയെടുക്കാൻ ഇത് വലിയ തോതിൽ സഹായകരമാകുമെന്നും കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.
