വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത്. എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ, നവരാത്രി വിജയദശമി ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ശക്തി സങ്കൽപ്പം അതാണ് കാളിമല. ഇവിടെ സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.
advertisement
കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച വളരെ മനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടമലനിരകൾ,പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും നെയ്യാർഡാമും കണ്ണിനു കുളിർമ നൽക്കുന്നു . അഗസ്ത്യാർകൂടത്തിൻ്റെയും നിബിഡവനങ്ങളുടെയും കാഴ്ച കാളി മലയുടെ മാത്രം സവിശേഷതയാണ് അതി ശക്തകമായ തെക്കൻ കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ ഇവിടേയ്ക്കുള്ള യാത്ര വിനോദ സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നു.