ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ കിഴക്കേ നടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.കുതിരമാളികയുടെ
മേൽക്കൂരയിലെ തടിയിൽ കൊത്തിയെടുത്ത കുതിരകളുടെ രൂപങ്ങളിൽ നിന്നാണ് കൊട്ടാരത്തിന്
കുതിരമാളിക എന്ന പേര് ലഭിച്ചത്.
സ്വാതിതിരുനാൾ രാജാവിൻ്റെ മരണത്തെത്തുടർന്ന് ഒരു നൂറ്റാണ്ടിലേറെ കുതിരമാളിക അടഞ്ഞു കിടന്നിരുന്നു. പതിനാറ് മുറികൾ മാത്രം പൊതുജനങ്ങൾക്ക് തുറന്ന് നൽകികൊണ്ട് 1995 ൽ കൊട്ടാരം മ്യൂസിയമാക്കി.
പൊതുജനങ്ങൾക്ക് ഇപ്പോഴും കൊട്ടാരം മുഴുവനായും കാണാൻ തുറന്നുകൊടുത്തിട്ടില്ല. ഈ അടുത്തിടെ മുറികൾ നവീകരിച്ചിരിന്നു. കൊട്ടാരത്തിലെ എല്ലാ മുറികൾക്കും വ്യത്യസ്ത തരം മേൽത്തട്ടുണ്ട്, തടിയിൽ കൊത്തിയെടുത്ത കൊട്ടാരത്തിലെ മതിലുകൾ മറ്റൊരു സവിശേഷതയാണ്.
advertisement
താഴത്തെ നിലയിലെ മേൽക്കൂരയ്ക്ക് ഗ്രാനൈറ്റ് തൂണുകളാണ് നൽകിയിരിക്കുന്നത്, അവ വളരെ ഭംഗിയായി കൊത്തു പണികളാൽ അലങ്കരിച്ചിരിക്കുന്നു. കൊട്ടാരത്തിൻ്റെ തറ മുട്ടയുടെ വെള്ളയും കരിയും ചുണ്ണാമ്പും ചില രഹസ്യ കൂട്ടുകളും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്, ഇത് എത്ര വലിയ വേനൽക്കാലത്തും തണുപ്പുനിലനിർത്താൻ സഹായിക്കുന്നു. എ ഡി 10 മുതൽ 14 വരെയുള്ള
നൂറ്റാണ്ടുകളിലെ ചോള ശൈലിയിലുള്ള വെങ്കല ശിൽപങ്ങൾ, കൃഷ്ണൻ്റെയും രാമൻ്റെയും ആഞ്ജനേയൻ്റെയും വിഗ്രഹങ്ങൾ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ച വ്യത്യസ്ത ശൈലികളിലും കാലഘട്ടങ്ങളിലുമുള്ള നിർമ്മിതികൾ തുടങ്ങി വളരെ അപൂർവമായ ശിൽപങ്ങൾ, ആനക്കൊമ്പ് തൊട്ടിലുകൾ, എന്നിവ ഇവിടത്തെ ശേഖരങ്ങളിൽ ഉൾപ്പെടുന്നു. അവയിൽ പലതും രാജാവിന് മറ്റ് ദേശങ്ങളിൽ നിന്നും സമ്മാനമായി കിട്ടിയതാണ്. തേക്ക്, റോസ് വുഡ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവകൊണ്ട് നിർമ്മിച്ച കൊട്ടാരത്തിലെ ഉരുപ്പടികൾ കേരളത്തിലെ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങളാണ്. മ്യൂസിയത്തിൽ മാർബിളിൽ നിർമ്മിച്ച വിഗ്രഹങ്ങളും ശിൽപങ്ങളും കഥകളി രൂപങ്ങളും ബെൽജിയൻ കണ്ണാടികളും പെയിൻ്റിംഗുകളുമുണ്ട്.






