മെഡിക്കൽ കോളേജിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചില്‍ വലിയ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഒരു ഉപകരണം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ആരോഗ്യമന്ത്രി വീണാ ജോർജും പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആദ്യഘട്ടത്തിൽ ആശുപത്രിയിൽ ഒരു പരിശോധന നടത്തി. പിന്നീട് നടത്തിയ പരിശോധനയിൽ ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയിൽ നിന്ന് ബോക്സടക്കം ഉപകരണം കണ്ടെത്തി എന്നാണ് പ്രിൻസിപ്പൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇത് മറ്റാരോ കൊണ്ടുവെച്ചതാണെന്നാണ് പ്രിൻസിപ്പലിന്റെ വാദം. സിസിടിവി ദൃശ്യങ്ങളിൽ ആരോ ഒരാൾ മുറിക്കുള്ളിലേക്ക് കടന്നു പോകുന്നത് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഹാരിസ് ചിറക്കൽ അവധിയിലാണ്. മുറിയുടെ താക്കോൽ മറ്റൊരു ഡോക്ടറുടെ കൈയിലാണെന്നും പ്രിൻസിപ്പൽ പറയുന്നു.
advertisement
ഇതും വായിക്കുക: 'കുടുക്കാന്‍ ശ്രമം, വ്യക്തിപരമായി ആക്രമിക്കുന്നു' ഗുരുതര ആരോപണവുമായി ഡോ.ഹാരിസ്
'ഡോ. ഹാരിസ് ചിറക്കൽ നല്ലൊരു ഡോക്ടറാണ്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടറാണ്. ചെറിയൊരു പ്രശ്നം വന്നപ്പോൾ ഡോ. ഹാരിസ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും അത് വിവാദത്തിലാവുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെട്ടത്. ഇതേത്തുടർന്നാണ് അന്വേഷണ സമിതിയെ നിയോഗിക്കുന്നത്. ഉപകരണം കാണുന്നില്ല എന്ന് അന്വേഷണ സമിതി കണ്ടെത്തി. ഡിഎംഇയുടെ നേതൃത്വത്തിൽ കഴിഞ്ഞ ശനിയാഴ്ച വിശദമായ പരിശോധന നടത്തി. പിന്നീട് വകുപ്പ് മേധാവിയുടെ മുറിയിൽ പരിശോധന നടത്തി. മുറിയിൽ ഉപകരണം കണ്ടു. അവിടെ വേറൊരു ബോക്സും ഉണ്ടായിരുന്നു. നേരത്തെ പരിശോധിച്ചപ്പോൾ ആ ബോക്സ് കണ്ടിരുന്നില്ല. ബോക്സിൽ ചില ബില്ലുകളും കണ്ടു. അതിൽ അസ്വാഭാവികത തോന്നി. പരിശോധിച്ച് ശരിയായ രീതിയിൽ സർക്കാരിന് റിപ്പോർട്ട് നൽകും - പ്രിൻസിപ്പൽ പറഞ്ഞു.
ആദ്യം പരിശോധിച്ചപ്പോൾ ഒരു ചെറിയ പെട്ടിയിൽ ഉപകരണം ഉണ്ടായിരുന്നു. പിന്നീട് വീണ്ടും പരിശോധിച്ചപ്പോൾ അവിടെ നിന്ന് വലിയ പെട്ടി കണ്ടു. പെട്ടിയിൽ നിന്ന് ബില്ല് ലഭിച്ചിട്ടുണ്ട്. നിലവിൽ കണ്ടെത്തിയ ഉപകരണം പുതിയതായി വാങ്ങിച്ചതാണോ എന്നതിനെക്കുറിച്ച് നോക്കേണ്ടതുണ്ട്. ബില്ലിൽ മോസിലോസ്കോപ്പ് എന്നാണ് എഴുതിയിട്ടുള്ളത്. ഡോ. ഹാരിസിന്റെ മുറി രണ്ട് തവണ പരിശോധിച്ചിട്ടുണ്ട്. ആദ്യത്തെ തവണ പരിശോധിച്ചപ്പോൾ ഒരു ബോക്സിൽ മോസിലോസ്കോപ് എന്ന് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഞാൻ ഡിഎംഇയോട് പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ആ മുറിയിൽ പരിശോധിച്ചത്- ഡോ. ജബ്ബാർ പറഞ്ഞു.
ഇതും വായിക്കുക: കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുതന്നെ കണ്ടെത്തി
നിലവിൽ ഡോ. ഹാരിസ് അവധിയിലാണ്. താക്കോൽ മറ്റൊരു ഡോക്ടറുടെ കൈയിലാണ്. അപ്പോൾ ആരായിരിക്കാം ഈ ബോക്സ് കൊണ്ടുവെച്ചത് എന്ന മാധ്യപ്രവർത്തകരുടെ ചോദ്യത്തിന്, സിസിടിവി പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ ആരോ കടന്നതായി തോന്നിയിട്ടുണ്ടെന്നും വിശദമായ പരിശോധന നടത്തണമെന്നും പ്രിൻസിപ്പൽ പറഞ്ഞു. പോലീസിന് പരാതി നൽകാമായിരുന്നില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഞങ്ങൾക്ക് റിപ്പോർട്ട് സമർപ്പിക്കാനുള്ളത് സർക്കാരിനാണ് എന്നായിരുന്നു മറുപടി.