പണ്ടൊക്കെ നിരത്തുകളിൽ അപൂർവമായിരുന്ന മോര് കടകളിൽ ഒന്നായിരുന്നു രാജുവിൻ്റേത്. ഉപ്പും മുളകും കറിവേപ്പിലയും ചേർത്തുള്ള സാധാരണ മോരിനെ മാറ്റി, പുതുമയുള്ള രുചികളിലാണ് രാജു മോര് വിളമ്പുന്നത്. സോഡാ മോര്, മോര് സർബത്ത്, സോഡാ നാരങ്ങ -അങ്ങനെ പേരു കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറിക്കുന്നവ.
എന്നാൽ, ഈ കടയിലെ യഥാർത്ഥ താരം മോര് സർബത്താണ്. ക്യാരറ്റ്, ബീറ്റ്റൂട്ട്, കശുവണ്ടി, പഞ്ചസാര, നാരങ്ങ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ വിശിഷ്ട പാനീയം രുചിയുടെ ഒരു ഉത്സവമാണ്. വെറുമൊരു പാനീയമല്ല, ഓരോ ഗ്ലാസിലും ഓർമ്മകളും തനിമയും നിറയുന്ന അനുഭവം കൂടിയാണിത്.
advertisement
മോര് കുടിക്കാൻ മാത്രമല്ല, രുചി വൈവിധ്യം കൂട്ടാൻ ഇഷ്ടമുള്ളവർക്കു ഉപ്പിലിട്ടതും അച്ചാറും കടയിൽ ലഭ്യമാണ്. കടയുടെ മുൻവശത്ത് തന്നെ നിരനിരയായി അടുക്കി വെച്ചിരിക്കുന്ന കുപ്പികളിൽ നിറയെ ഉപ്പിലിട്ടതും അച്ചാറും ഉണ്ട്. സ്വന്തം വീട്ടിൽ തന്നെയാണ് ഇവയെല്ലാം തയ്യാറാക്കുന്നതെന്ന് രാജു അഭിമാനത്തോടെ പറയുന്നു. മോര് കുടിച്ചു പോകുന്നവർ ഒരു കുപ്പി അച്ചാർ കൂടി വാങ്ങി പോകുക എന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്.
40 വർഷം കൊണ്ട് മാറ്റമില്ലാതെ നിൽക്കുന്ന രുചിയുടെ രഹസ്യം ഇന്നും രാജുവിന്റെ കൈയിൽ തന്നെയാണ്. എത്ര പേർ അന്വേഷിച്ചാലും അദ്ദേഹം അത് വെളിപ്പെടുത്താറില്ല. ഫുഡ് വ്ലോഗർമാരുടെ വരവോടെ ഈ കട കൂടുതൽ പ്രശസ്തമായി. പള്ളിക്കൽ മടവൂർ റൂട്ടിൽ തുമ്പോട് സ്ഥിതി ചെയ്യുന്ന രാജുവിന്റെ മോര് കട കേവലം ഒരു കടയല്ല,പഴയതും പുതിയതുമായ തലമുറകളെ ഒരുപോലെ ആകർഷിക്കുന്ന ഈ രുചി എന്നും തിരക്കുളള ഇടമാണ്.