അങ്ങനെയെങ്കിൽ രാമശ്ശേരി ഇഡ്ഡലി തിരുവനന്തപുരത്തുള്ളവർ കഴിക്കണമെങ്കിൽ പാലക്കാട് പോകേണ്ടി വരില്ലേ? വേണ്ടെന്നേ, ഒരുപാട് ദൂരം ഒന്നും യാത്ര ചെയ്തു പോകേണ്ട. തലസ്ഥാനവാസികൾക്കും രാമശ്ശേരി ഇഡ്ഡലി കഴിക്കാനുള്ള അവസരം ഒരുങ്ങുകയാണ്.
നവരാത്രിയോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്ത് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് കെ ടി ഡി സി ആരംഭിച്ചിരിക്കുന്നത്. മസ്കറ്റ് ഹോട്ടലിലെ സായാഹ്ന ഗാർഡൻ റസ്റ്റോറൻ്റിലാണ് രാമശ്ശേരി ഇഡലി ഫെസ്റ്റ് നടക്കുന്നത്. ഒക്ടോബർ 10 മുതൽ 14 വരെയാണ് ഫെസ്റ്റ്. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെ നല്ല അടിപൊളി രാമശ്ശേരി ഇഡ്ഡലി ഇവിടെ കിട്ടും. ഒരു ഗ്രാമത്തിന്‍റെ പേര് തന്നെ ഭക്ഷ്യ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ചരിത്രമുണ്ട് രാമശ്ശേരി ഇഡലിക്ക്. പാലക്കാട് രാമശ്ശേരി എന്ന ഗ്രാമത്തിലെ പരമ്പരാഗതമായ ഇഡ്ഡലിയാണ് കടൽകടന്ന് ലോക പ്രശസ്തിയുടെ നെറുകിലേക്ക് ഉയർന്ന രാമശ്ശേരി ഇഡ്ഡലി.
advertisement
ഒരു ദോശയോട് സാമ്യമുള്ള 'രാമശ്ശേരി ഇഡ്ലി' മൃദുവും മിനുസമാർന്നതുമാണ്. അത്ഭുതകരമായ രുചിയും വ്യത്യസ്തമായ ആകൃതിയും ആണ് രാമശ്ശേരി ഇഡ്ലിയെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. തികച്ചും രുചികരമായ ഈ മൃദുവായ ഇഡ്ലി സാംബർ, തേങ്ങ ചട്ണി അല്ലെങ്കിൽ മുളക് ചട്ണി എന്നിവയ്ക്കൊപ്പം ആസ്വദിക്കാം.
രാമശ്ശേരി ഇഡ്ലി
പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്നാട്ടിലെ തിരുപ്പൂർ, കാഞ്ചീപുരം, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഏതാനും മുതലിയാർ കുടുംബങ്ങൾ കേരളത്തിലേക്ക് വന്നതായി ഐതിഹ്യം ഉണ്ട്. ജോലി തേടി കേരളത്തിലെത്തിയ കുടുംബങ്ങൾ പാലക്കാട് രാമശേരിയിൽ താമസമാക്കി. പുരുഷന്മാർ നെയ്ത്തുകാരും സ്ത്രീകൾ നല്ല പാചകക്കാരുമായിരുന്നു. അങ്ങനെ ഈ ഇഡ്ഡലികളുടെ കഥ ആരംഭിച്ചു. ഇന്ന്, ഏതാനും മുതലിയാർ കുടുംബങ്ങൾ മാത്രമാണ് രാമശ്ശേരിയിൽ താമസിക്കുന്നത്, ഈ കുടുംബങ്ങളെല്ലാം ഈ പ്രശസ്തമായ വിഭവം നിർമ്മിക്കുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു.






