കൂട്ടുകാരന് നൽകിയ ഉറപ്പ് യാഥാർഥ്യമായി മാറിയതിൻ്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.പത്തു ലക്ഷം രൂപയോളം ചെലവിൽ, അവർ സഹപാഠിക്കായി നിർമിച്ച വീടിൻ്റെ താക്കോൽ വൈകിട്ട് മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കൈമാറി.. വി.ജോയി എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തയ്യൽ മെഷീൻ, വീൽചെയർ, പഠനോപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു.
advertisement
സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന, സഹോദരങ്ങളായ രണ്ടു വിദ്യാർഥികൾക്കായി പകൽക്കുറി വയലിക്കടയിലാണ് വീട് നിർമിച്ചത്. ഇവരുടെ പിതാവ് രണ്ടു വർഷം മുൻപ് മരണപ്പെട്ടിരുന്നു. പഴയ വീട് ചോർന്നൊലിച്ച്, പൊളിഞ്ഞു വീഴാറായ നിലയിലായിരുന്നു. ഇത് പൊളിച്ചാണ് പുതിയ വീട് നിർമിച്ചത്.
സ്കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായ മനു.എസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ഭവനം സംഘാടകസമിതിയാണ് വീട് നിർമാണത്തിനു നേതൃത്വം നൽകിയത്. എൻഎസ്എസ് ലീഡർമാരായ എസ്.ദേവിക, ആർ.എസ്.കാർത്തികേയൻ, യു.പി.കാർത്തിക്, എസ്.രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ 5 ലക്ഷത്തിലധികം രൂപ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മാത്രം കണ്ടെത്തി. സാധനങ്ങളും സേവനങ്ങളും നൽകി രക്ഷിതാക്കളും നാട്ടുകാരും ഒപ്പം നിന്നു.