തിരുവനന്തപുരത്തിൻ്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന കിഴക്കേകോട്ട ,18-ാം നൂറ്റാണ്ടിൽ മാർത്താണ്ഡ വർമ്മ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതു ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര സമുച്ചയത്തിൻ്റെ കിഴക്കേ കവാടമായിട്ടായിരുന്നു. ഫ്രഞ്ച് വാസ്തുവിദ്യാ സ്വാധീനമുള്ള ഈ കോട്ടയുടെ പ്രതിരോധ പ്രാധാന്യം കാലക്രമേണ കുറഞ്ഞെങ്കിലും, കിഴക്കേകോട്ട ഒരു വ്യാപാര കേന്ദ്രമായി പരിണമിച്ചു. ഇന്ന്, തിരക്കേറിയ കടകൾ, മാർക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവകൊണ്ട് നിറഞ്ഞ തിരുവനന്തപുരത്തിന്റെ ബിസിനസ്സ് കേന്ദ്രമാണിത്.
കേവലം ഒരു കവാടത്തിലും അപ്പുറമാണ് കിഴക്കേകോട്ട. 1747 ൽ മാർത്താണ്ഡ വർമ്മ രാജാവിൻ്റെ ഭരണകാലത്ത് കല്ലും ചുണ്ണാമ്പും ഉപയോഗിച്ചു ഏകദേശം 20 അടി ഉയരവും 10 അടി കനവമായി നിർമ്മിക്കപ്പെട്ട ഈ കോട്ട മതിലുകൾ, നഗരത്തിൻ്റെ സുരക്ഷയും പ്രൗഢിയും ഉറപ്പാക്കി സംരക്ഷിച്ചുപ്പോന്നിരുന്നു. കിഴക്കേകോട്ടയുടെ മുകളിലായി സ്ഥിതി ചെയ്യ്തിരുന്ന രണ്ട് മണ്ഡപങ്ങൾ,രാജഭരണ കാലത്ത് വിളംബരങ്ങൾ പുറപ്പെടുക്കാനുളളതായിരുന്നു. ഫ്രഞ്ച് വാസ്തുവിദ്യാ ശൈലിയിൽ, നാല് ഗോപുരങ്ങളും കമാനാകൃതിയിലുള്ള കവാടങ്ങളുമായി നിർമ്മിക്കപ്പെട്ട ഈ കോട്ട, തിരുവനന്തപുരത്തിൻ്റെ പ്രൗഢമായ സാംസ്കാരിക വൈവിധ്യത്തിനു തെളിവാണ്. അതേസമയം ലളിതവും മിനുസമാർന്നതുമായ രീതിയിൽ നിർമ്മിച്ച കോട്ട മതിലുകൾ കാലങ്ങൾക്കിപ്പുറം കാഴ്ചക്കാർക്കു മനോഹരമായ അനുഭവം നൽകുന്നു.
advertisement
ഇന്ന്, സംസ്ഥാന സര്‍ക്കാര്‍ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച കിഴക്കേകോട്ട ഒരു പ്രധാന സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ചരിത്രത്തെക്കുറിച്ച് അറിയാനും കാഴ്ചകൾ ആസ്വദിക്കാനും നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നു. കൂടാതെ,സാംസ്കാരിക ആസ്വാദനത്തിനായി കോട്ടയിൽ സൗജന്യ സംഗീത നാടക കലാക്ഷേത്രവും പ്രവർത്തിക്കുന്നു. കോട്ടയ്ക്ക് സമീപം നിരവധി റെസ്റ്റോറന്റുകളും കഫേകളും കടകളും ഷോപ്പിംഗ് മാളുകളും പ്രവർത്തിക്കുന്നുണ്ട്. ഇന്ന് കിഴക്കേകോട്ട ഒരു ചരിത്ര സ്മാരകം മാത്രമല്ല, തിരവനന്തപുരത്തിന്റെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. സാധാരണ വസ്ത്രങ്ങൾ മുതൽ കരകൗശല വസ്തുക്കൾ വരെ ഇവിടെ ലഭ്യമാണ്.
ചരിത്രത്തിൻ്റെയും വാണിജ്യത്തിൻ്റെയും ഇഴചേർന്ന അനുഭവം തേടുന്ന സഞ്ചാരികൾക്ക് കിഴക്കേകോട്ടയിൽ നിരവധി കാഴ്ചകളുണ്ട്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, ചാല ചന്ത, കുതിര മാലിക എന്നിവ ഇതിൽ ചിലതാണ്.