ബിജെപിയുമായി ചേർന്ന് സമരം നടത്തുന്നു എന്നത് തുരുമ്പിച്ച ആയുധമാണ് എന്നും തിരുവഞ്ചൂർ പരിഹസിച്ചു. ജനകീയ സമരവുമായി മുന്നോട്ടു പോകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം കെ റെയിൽ പദ്ധതി സംബന്ധിച്ച് വലിയ തർക്കങ്ങളും വിവാദങ്ങളും ആളിക്കത്തുമ്പോൾ ആണ് സർക്കാരിലെ മന്ത്രി കൂടിയായ സജി ചെറിയാനെതിരെ ഗുരുതര ആരോപണങ്ങളുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തുവന്നത്. മന്ത്രി സജി ചെറിയാന് വേണ്ടി കേറി പദ്ധതിയുടെ അലൈൻമെന്റ് മാറ്റം വരുത്തിയതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കെ റെയിൽ പദ്ധതിയുടെ അലൈൻമെന്റ് രേഖകൾ മാധ്യമപ്രവർത്തകർക്ക് നൽകിക്കൊണ്ടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
advertisement
2021 ൽ ഉള്ള അലൈൻമെന്റ് അല്ല ഇപ്പോൾ പദ്ധതിക്ക് ഉള്ളത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിക്കുന്നു. ചെങ്ങന്നൂർ മുളക്കുഴയിൽ പദ്ധതിയുടെ അലൈൻമെന്റ് മാറ്റിയതായി തിരുവഞ്ചൂർ വ്യക്തമാക്കി. കെ റെയിൽ കമ്പനിയുടെ വെബ്സൈറ്റിലുള്ള രേഖകൾ ഹാജരാക്കിയാണ് തിരുവഞ്ചൂർ ആരോപണമുന്നയിക്കുന്നത്. എന്നാൽ ഈ രേഖകൾ പിന്നീട് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. മുളക്കുഴ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഭാഗത്ത് മന്ത്രിയുടെ വീടിന്റെ ഭാഗം കൃത്യമായി ഒഴിവാക്കിക്കൊണ്ടാണ് അലൈൻമെന്റ് വന്നിരിക്കുന്നത് എന്നാണ് തിരുവഞ്ചൂർ ആരോപിക്കുന്നത്. ഏതായാലും ഗുരുതരമായ ആരോപണങ്ങളിൽ സജി ചെറിയാൻ മറുപടി പറയണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
ഇന്നലെ മാധ്യമ ചർച്ചയ്ക്കിടെയാണ് ചില മന്ത്രിമാരുടെ വീടുകൾ ഇരിക്കുന്ന സ്ഥലങ്ങളിൽ അലൈൻമെന്റ് മാറ്റം വരുത്തിയിട്ടുണ്ട് എന്ന ഗുരുതര ആരോപണം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ചത്. ആരോപണം തെളിയിച്ചാൽ തന്റെ വീട് അടക്കം തിരുവഞ്ചൂർ രാധാകൃഷ്ണന് എഴുതിയ നൽകാമെന്ന് സജി ചെറിയാൻ മറുപടി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ രേഖകളുമായി ഹാജരായത്.
സജി ചെറിയാൻ കൂടുതൽ പ്രതികരണങ്ങൾ നടത്തിയാൽ ഇനിയും ശക്തമായ മറുപടി നൽകുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ഏതായാലും ഗുരുതര ആരോപണങ്ങളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങൾക്കുമുന്നിൽ നടത്തിയത്. ഒരു നേതാക്കളുടെ പോലും വീടുകൾ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്നില്ല എന്ന് സമരത്തിൽ പങ്കെടുക്കുന്ന ജനങ്ങൾ ആരോപിച്ചിരുന്നു. അതിന് പിന്നാലെ തിരുവഞ്ചൂർ ഉന്നയിച്ച ആരോപണം വലിയ ചർച്ചകൾക്കാണ് ഇടം വെച്ചിരിക്കുന്നത്.
