തിരുവനന്തപുരം പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് നഗരത്തിലെ ക്രിമിനൽ സംഘങ്ങളും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തായത്. സംഭവത്തിൽ ഉൾപ്പെട്ട ഗുണ്ടകളായ നിധിനും രഞ്ജിത്തും തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ ഇടനിലക്കാരായി നിന്നതിനാണ് ഡി വൈ എസ് പി മാർക്കെതിരായ നടപടി. നിതിന്‍റെയും ഓംപ്രകാശിന്‍റെയും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടനിലക്കാരായി പൊലീസ് ഉദ്യോഗസ്ഥരെത്തിയത്.
തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി കെ.ജെ. ജോൺസൺ, വിജിലൻസ് ഡി.വൈ.എസ് .പി എം പ്രസാദ് എന്നിവർ ഓംപ്രകാശ് ഉൾപ്പടെയുള്ള സാമൂഹ്യ വിരുദ്ധരുമായി അവിശുദ്ധ സഖ്യം ഉണ്ടാക്കിയെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. ജോൺസന്‍റെ മകളുടെ പിറന്നാൾ പാർട്ടി സ്പോൺസർ ചെയ്തത് ക്രിമിനലുകളാണ്. മുതിർന്ന ഉദ്യോഗസ്ഥരായിട്ട് പോലും ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിലൂടെ ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏല്പിച്ചുവെന്നും ഉത്തരവിലുണ്ട്.
advertisement
പാറശാലയിൽ കാമുകി കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന കേസ് തെളിയിച്ചു പ്രശസ്തനായ ഉദ്യോഗസ്ഥനായിരുന്നു ജോൺസൺ. അതേസമയം, ഗുണ്ടാ നേതാവായ നിഥിന്റെ ഉറ്റ സുഹൃത്തായാണ് ജോൺസൻ അറിയപ്പെടുന്നതെന്നും അടുത്തിടെ ആരോപണം ഉയർന്നിരുന്നു. ജോൺസന്റെ മകളുടെ പിറന്നാളാഘോഷം ഒരു ആഡംബര ഹോട്ടലിൽവച്ച് നടന്നിരുന്നു. അതിന്റെ ചെലവ് വഹിച്ചത് ഗുണ്ടാസംഘങ്ങളിൽപ്പെട്ടവരാണെന്ന് പ്രത്യേക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Also Read- പൊലീസിലെ ക്രിമിനലുകളുടെ കാക്കി ഊരും തൊപ്പി തെറിക്കും; നിലപാട് കടുപ്പിച്ച് ആഭ്യന്തര വകുപ്പ്
ജോൺസന്റെ മകളുടെ ജൻമദിനാഘോഷത്തിനായി 50,000 രൂപ നിഥിൻ വാങ്ങിയതായി പ്രവാസിയായ രാഹുൽ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. നിഥിന്റെ സുഹൃത്തായ ഡിവൈഎസ്പി: പ്രസാദിനുവേണ്ടി പാർട്ടികൾ നടത്തിയതായും രാഹുൽ ആരോപിച്ചിരുന്നു. സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് നടപടി.
അതിനിടെ പാറ്റൂർ കേസിൽ ഒളിവില്‍ കഴിയുന്ന ഗുണ്ടാ നേതാക്കൾ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തി. കേസിലെ രണ്ടാം പ്രതി ആരിഫാണ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുടെ കുടുംബാംഗത്തെയും ഇടത് നേതാവിന്റെ ബന്ധുവിനെയും വിളിച്ചത്.. ഇവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി ഫോൺ പിടികൂടി. കേസിലെ ഒന്നും രണ്ടും പ്രതികളായ ആസിഫും, ആരിഫും ഊട്ടിയിൽ ഒളിവിലാണെന്നാണ് സൂചന.
