സ്വർണക്കടത്ത് റാക്കറ്റിൻ്റെ ഭീഷണിയെ തുടർന്നാണ് കസ്റ്റംസിന് സുരക്ഷ നൽകാൻ സി.ആർ.പി.എഫിനെ നിയോഗിച്ചത്. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പ്രതികൾക്കും വധഭീഷണിയുണ്ടെന്ന് ഐ.ബിയും റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് സായുധസേനയുടെ അകമ്പടിയോടെയാണ് കസ്റ്റംസ് പിന്നീട് എല്ലാ നീക്കങ്ങളും നടത്തിയത്. പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
advertisement
നേരത്തെയുണ്ടായിരുന്ന ഭീഷണികൾ ഇപ്പോൾ ഇല്ലെന്നാന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. അതുകൊണ്ട് സി.ആർ.പി.എഫിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഇനി ലോക്കൽ പൊലീസിൻറെ സഹായം തേടിയാൽ മതിയെന്നും നിർദേശമുണ്ട്. അതല്ലെങ്കിൽ പണം നൽകി സി.ഐ.എസ്.എഫിനെ നിയോഗിക്കാം. എന്നാൽ കേന്ദ്ര നടപടിക്കെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കിടയിൽ വൻ പ്രതിഷേധം ഉയരുകയാണ്. അന്വേഷണം നിർണായകഘട്ടത്തിൽ എത്തിനിൽക്കെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങളെ പോലും ബാധിക്കും .
കേസ് സംബന്ധിച്ച് പ്രതികൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷയില്ലാതെ കോടതിയിലും മറ്റും പോകുന്നതും അപകടകരമാകുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സുരക്ഷ ആവശ്യപ്പെട്ട് കമ്മീഷണർ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു.
നെടുമ്പാശേരി സ്വർണക്കള്ളക്കടത്ത് അന്വേഷണം തുടരുമ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സമാനമായ രീതിയിൽ ഭീഷണിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണവേട്ട തുടർന്ന സാഹചര്യത്തിൽ സുരക്ഷ നൽകാനും തീരുമാനമെടുത്തിരുന്നു. പിന്നീടാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസും കൊച്ചി യൂണിറ്റ് പരിധിയിലേക്ക് വരുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചാണ് ഐ.ബി റിപ്പോർട്ട് നൽകിയത്.
