എവിടെയും ഓണം മേളകളുടെ പൂരമാണ്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. പച്ചക്കറി– പലചരക്ക് കടകളിലും തിരക്ക് വർധിച്ചു. പൂ വിപണിയും ഉഷാർ. വിഭവസമൃദ്ധമായ ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കേറ്ററിങ് സർവീസുകളും ഓണാഘോഷങ്ങൾക്കു രുചി പകരാൻ രംഗത്തുണ്ട്. ഓണവിപണിയിൽ വിലക്കയറ്റം രൂക്ഷമാണ്.
കത്തിക്കയറി പച്ചക്കറി വില
പച്ചക്കറികൾക്ക് തീ വിലയാണ്. ഏതാനും ദിവസങ്ങൾക്കിടെ പല ഇനങ്ങൾക്കും രണ്ടും മൂന്നും ഇരട്ടി വിലയാണ് വർധിച്ചത്. കാരറ്റ്, ബീൻസ്, മുരിങ്ങക്കായ തുടങ്ങിയ ഇനങ്ങളുടെ ചില്ലറ വില കിലോയ്ക്ക് 100 രൂപയിലേറെ എത്തി.
advertisement
മഴയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ഇതര സംസ്ഥാന കച്ചവടക്കാരുടെ വിശദീകരണം. എന്നാൽ ഓണം സീസൺ മുന്നിൽകണ്ടുള്ള കൃത്രിമ വിലക്കയറ്റമാണ് ഇതെന്നാണ് ആക്ഷേപം.
വർഷങ്ങളായി പച്ചക്കറിക്കായി കേരളം ആശ്രമിക്കുന്നത് തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ഒട്ടൻഛത്രം, കാരമഡ, പുളിയംപട്ടി, തെങ്കാശി, ഹൊസൂർ, കർണാടകയിലെ മൈസൂരു തുടങ്ങിയ ഇതര സംസ്ഥാന വിപണികളെയാണ്.
സെഞ്ചുറിയടിച്ച് മുരിങ്ങക്കായ
- വിലയിൽ സെഞ്ചുറിയടിച്ച പച്ചക്കറികളുടെ മുന്നിലാണ് മുരിങ്ങക്കായ. മൊത്തവില 30-40 രൂപയിൽ നിന്ന് 85-90 രൂപയിലെത്തി. ചില്ലറ വില 100നു മുകളിൽ.
- കാരറ്റ് കുറച്ചുനാളുകളായി വിപണിയിലെ വിലയേറിയ താരമാണ്. മൊത്തവില 60- 70 രൂപയിൽ നിന്ന് 90 രൂപയിലെത്തി. ചില്ലറ വിപണി 100 കടക്കും.
- ബീൻസ് 50 രൂപയിൽ 90 രൂപയിലേക്ക് കുതിച്ചു. ചില്ലറ വില 100 നു മുകളിൽ.
- പടവലം 40 രൂപയിൽ നിന്ന് 65 രൂപയിലെത്തി.
- പാവയ്ക്ക് 50 രൂപയിൽ നിന്ന് 85ലേക്ക് എത്തി.
- വെണ്ടയ്ക്ക് 18-20 രൂപയിൽ നിന്ന് 70- 80 രൂപയിലേക്ക് കുതിച്ചു. ചില്ലറ വിലയിൽ പിന്നെയും 10-15 രൂപയോളം വർധനവുണ്ടാകും.