രാവില 9 മണി മുതൽ 12 മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ 5 വരെയുമാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലന്‍സിന് അനുമതി ലഭിച്ചിട്ടുള്ളത്. ഉപാധികളോടെയാണ് ചോദ്യം ചെയ്യലിന് അനുമതി.
ചോദ്യം ചെയ്യലിനിടയിൽ ചികിത്സ തടസപ്പെടുത്തരുതെന്നാണ് പ്രധാന ഉപാധി. ചോദ്യം ചെയ്യൽ സംഘത്തിൽ മൂന്ന് പേർ മാത്രമേ പാടുള്ളൂ. ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനിറ്റ് വിശ്രമം അനുവദിയ്ക്കണം. മാനസിക-ശാരീരിക പീഡനമുണ്ടാകരുത്. ചോദ്യം ചെയ്യലിന് മുന്നോടിയായി അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ‍് പരിശോധന നടത്തണം.
advertisement
ഉപാധികൾ ഉറപ്പുവരുത്തുന്നതിന് കോടതി ഉത്തരവിന്റെ പകർപ്പ് ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും ലഭ്യമാക്കിയിട്ടുണ്ട്. നാല് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിരുന്നുവെങ്കിലും ഒരു ദിവസം ചോദ്യം ചെയ്യാൻ മാത്രമാണ് കോടതി വിജിലൻസിന് അനുമതി നൽകിയത്.
മെഡിക്കൽ ബോർഡ് റിപ്പോർട്ട് പരിഗണിച്ചാണ് അനുമതി ഒരു ദിവസമാക്കിയത്. ഇബ്രാഹിം കുഞ്ഞിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.