കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി
വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില കോടതി നിർദ്ദേശപ്രകാരം നിയമിച്ച മെഡിക്കൽ സംഘം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചു. ചൊവ്വാഴ്ചക്കകം റിപ്പോർട്ട് നൽകുമെന്ന് സംഘം അറിയിച്ചു. ഡി.എം.ഒ. നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി കാര്യത്തിൽ കോടതി തീരുമാനം എടുക്കുക.
പാലാരിവട്ടം പാലം നിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് മുൻ പൊതുമരാമത്ത് മന്ത്രിയായ വി.കെ. ഇബ്രാഹിം കുഞ്ഞ്. കേസിൽ വിജിലൻസ് അറസ്റ്റ് നീക്കം ആരംഭിച്ചത് പിന്നാലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയത്.
ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന് വിജിലൻസ് സംഘം ആവശ്യപ്പെട്ടെങ്കിലും ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് ഡി.എം.ഒയോട് മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടത്. ഡിഎംഒയുടെ നിർദ്ദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചു. പതിനൊന്നു മണിക്ക് ആരംഭിച്ച പരിശോധന ഒന്നര വരെ നീണ്ടു.
ഓങ്കോളജി, കാർഡിയോളജി, പൾമണോളജി, സൈക്കോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇബ്രാഹിം കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നും മെഡിക്കൽ സംഘം വിവരങ്ങൾ തേടി. ഇബ്രാഹിം കുഞ്ഞിന്റെ ശാരീരിക മാനസിക നിലയും ചികിത്സാ രേഖകളും ഡോക്ടർമാർ പരിശോധിച്ചു. ആരോഗ്യ നില വിലയിരുത്തിയ ശേഷം മെഡിക്കൽ ബോർഡ് ഡിഎംഒയെ ഇക്കാര്യം അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും ഡി.എം.ഒ. കുട്ടപ്പൻ ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകുക.
ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട് നൽകിയാൽ മാത്രമേ കോടതി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടുക. ഒരുപക്ഷേ കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ നിലവിൽ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ വച്ച് തന്നെ
ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് വിജിലൻസ് ശ്രമം നടത്തിയേക്കും. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് വിജിലൻസ് ആലോചിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.