സ്വർണകടത്ത് സംഘത്തിന്റെ ഇടപാടുകളിൽ മന്ത്രിയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള ആക്ഷേപം ഇതോടെ പ്രബലമാവുകയാണ്. ഈ സാഹചര്യത്തിൽ നീതിപൂർവ്വമായ അന്വേഷണം നടക്കുന്നതിന് മന്ത്രി സ്ഥാനത്ത് നിന്നും ജലീൽ മാറി നിൽക്കുകയായിരുന്നു വേണ്ടിയിരുന്നത്. അത് ചെയ്യാതെ അദ്ദേഹം ന്യായവാദങ്ങൾ ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതിനാൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം- ഹമീദ് വാണിയമ്പലം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിസഭാംഗവും ഉൾപ്പടെ സർക്കാർ സംവിധാനം ആരോപണത്തിന് കീഴിൽ നിൽക്കുമ്പോൾ സത്യസന്ധമായ അന്വേഷണത്തിന്റെ സാധ്യത ഇല്ലാതാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
സുപ്രധാനമായ പല നിയമങ്ങളും അട്ടിമറിച്ച് കള്ളക്കടത്ത് സംഘത്തിന് സ്വൈര്യവിഹാരം നടത്താൻ കഴിഞ്ഞത് ഇത്തരം ഉന്നത ബന്ധങ്ങളിലൂടെയാണ്. എന്നാൽ നിലവിലെ സാമൂഹ്യ നിയന്ത്രണ സാഹചര്യത്തിന്റെ മറവിൽ പ്രശ്നത്തെ നിസാരവത്കരിച്ച് രക്ഷപെടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്റെ വീഴ്ചകൾ തുറന്ന് കാട്ടുന്ന മാധ്യമങ്ങളെയും മറ്റും മുഖ്യമന്ത്രിയും സംഘവും ആക്ഷേപിച്ചത് കൊണ്ട് കാര്യമില്ല. നീതി പൂർവ്വമായ അന്വേഷണത്തിന് സാഹചര്യമൊരുക്കി ആരോപണ വിധേയരെ മാറ്റി നിർത്തി രാഷ്ട്രീയ മര്യാദ പാലിക്കാൻ സർക്കാർ തയ്യാറാകണം.
ആരോപണ വിധേയരായ ഉദ്യോഗസ്ഥൻമാരെ പുറത്താക്കുമ്പോൾ പറഞ്ഞ ന്യായം മന്ത്രി ജലീലിനും ബാധകമാണ്. എന്നാൽ മന്ത്രിയുടെ സംരക്ഷണം മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് സംശയാസ്പദമാണെന്നും ഈ സാഹചര്യത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.