തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) ഇന്ന് വീണ്ടും സെക്രട്ടേറിയറ്റിലെത്തും. കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് അന്വേഷണ സംഘം എത്തുന്നത്. 2019 ജൂൺ മുതൽ 2020 ജൂലൈ വരെയുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തെ കത്ത് നൽകിയിരുന്നു. കഴിഞ്ഞ മാസം 17നാണ് എൻഐഎ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആദ്യമായി സെക്രട്ടേറിയറ്റിൽ എത്തിയത്. സ്വർണക്കടത്ത് കേസ് പ്രതികളുടെ സെക്രട്ടേറിയറ്റിലെ ബന്ധങ്ങൾക്ക് തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ പതിവായി എത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
കന്റോൺമെന്റ് ഗേറ്റിലെ കാമറകളിൽ നിന്നും ശിവശങ്കറും സ്വപ്നയും വാടകയ്ക്കെടുത്ത ഫ്ലാറ്റ്, ഗൂഢാലോചന നടത്തിയ ഹോട്ടൽ എന്നിവയുടെ പരിസരങ്ങളിലെ ദൃശ്യങ്ങളും ലഭിക്കുമെന്നാണ് കരുതുന്നത്. സ്വർണമെത്തിയ ദിവസങ്ങളിൽ പ്രതികൾ ശിവശങ്കറിന്റെ വാഹനം ഉപയോഗിച്ചോയെന്നും ദൃശ്യങ്ങളിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.