നവകേരള സദസ് സമാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് വഴിയൊരുക്കാന്‍ സംഘാടകര്‍ പൊളിച്ചു മാറ്റിയ മതിലുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കാം.
Also Read - 'പറ്റിപ്പോയി' നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
പറവൂര്‍ മണ്ഡലത്തില്‍ നടന്ന നവകേരള സദസിനായി പറവൂര്‍ ഗവണ്‍മെന്‍റ് സ്കൂള്‍ മതിലാണ് പൊളിച്ചത്. ഇതിനെതിരെ നഗരസഭ അടക്കം പ്രതിഷേധിച്ചെങ്കിലും തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ സംഘാടകര്‍ മതില്‍ പൊളിച്ചു മാറ്റി. സ്കൂളിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള ഏകദേശം 8 മീറ്ററോളം വരുന്ന മതിലാണ് പൊളിച്ചത്. ഡിസംബര്‍ 7ന് ആയിരുന്നു ഇവിടെ പരിപാടി നടന്നത്. രണ്ട് ദിവസത്തിന് പിന്നാലെ അധികൃതര്‍ പൊളിച്ച മതില്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കി.
advertisement
പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ മതിലാണ് എറണാകുളം ജില്ലയില്‍ രണ്ടാമതായി പൊളിച്ചു മാറ്റിയത്. പ്രതിഷേധം കണക്കിലെടുത്ത് ഡിസംബര്‍ 5ന് പുലര്‍ച്ചെയായിരുന്നു മതില്‍ പൊളിക്കല്‍. ഡിസംബര്‍ പത്തിനായിരുന്നു പെരുമ്പാവൂരിലെ നവകേരള സദസ്. കൃത്യം 24 മണിക്കൂറിനകം പൊളിച്ച മതില്‍ അധികൃതര്‍ തിരികെ കെട്ടി നല്‍കി.
നവംബര്‍ 23നാണ് വയനാട് മാനന്തവാടിയിലെ നവകേരള സദസ് നടന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ ഒരുക്കിയ വേദിയിലേക്ക് ബസിന് പ്രവേശിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് മതില്‍ പൊളിച്ച് വഴിയൊരുക്കിയത്. പലഭാഗത്തും കേടപാടുകള്‍ ഉള്ള മതിലായതിനാലാണ് ഇത് പൊളിക്കുന്നതെന്നും നവകേരള സദസിന് ശേഷം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കുമെന്നായിരുന്നു എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞത്. പരിപാടിക്ക് ശേഷം രണ്ടാഴ്ചക്കാലം പൊളിഞ്ഞ മതില്‍ അങ്ങനെ തന്നെ കിടന്നു. കഴിഞ്ഞ ദിവസം മതിലിന്‍റെ ഒരു ഭാഗം പുനര്‍ നിര്‍മ്മിച്ചെങ്കിലും കുറച്ച് ഭാഗങ്ങള്‍ ഇനിയും നിര്‍മ്മിക്കാനുണ്ട്.
Also Read - കരിങ്കൊടി; രക്ഷാപ്രവർത്തനം; സംഭവബഹുലമായ 36 ദിവസം; നവകേരള സദസ്സിന് സമാപനം
വൈക്കം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലിന്‍റെ ചുറ്റുമതിലാണ് നവകേരള സദസിനായി കോട്ടയം ജില്ലയില്‍ പൊളിച്ച മതിലുകളില്‍ ഒന്ന്. 100 മീറ്റര്‍ അകലെയുള്ള സമ്മേളന വേദിക്ക് അരികിലേക്ക് ബസ് എത്തിക്കുന്നതിന് വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ മൗനാനുവാദത്തോടെ മതില്‍ പൊളിച്ച് പുതിയ വഴിയൊരുക്കിയത്. നിര്‍മ്മിച്ചിട്ട് അധിക കാലം ആകാത്ത മതിലിന് ബലക്ഷയം ഉണ്ടെന്നായിരുന്നു അധികൃതര്‍ നല്‍കിയ വിശദീകരണം. ഇവിടെ പുതിയൊരു ഗേറ്റ് സ്ഥാപിച്ച് വിഐപി പരിപാടികള്‍ക്കുള്ള വഴി ആക്കുമെന്നും പറഞ്ഞിരുന്നു.എന്നാല്‍ നവകേരള സദസ് കഴിഞ്ഞതിന് പിന്നാലെ അങ്ങനെ ഒരു പ്ലാന്‍ ഇല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പൊന്‍കുന്നം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ മതിലാണ് മറ്റൊന്ന്. നവകേരള സദസ് ബസിന് മടക്കയാത്രയില്‍ യൂടേണ്‍ എടുക്കുന്നത് ഒഴിവാക്കാനായിരുന്നു ഒരു കുഴപ്പവും ഇല്ലാതിരുന്ന മതില്‍ പൊളിച്ചത്. എന്നാല്‍ പൊളിക്കാന്‍ കാണിച്ച ഉത്സാഹം പണിയാന്‍ ആരും കാണിച്ചതുമില്ല, ജില്ലാ പഞ്ചായത്തില്‍ മതില്‍ പണിയുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല.
നവംബര്‍ 27 മുതല്‍ 30 വരെയായിരുന്നു മലപ്പുറം ജില്ലയില്‍ നവകേള സദസ് നടന്നത്. വണ്ടൂര്‍ വിഎംസി, മഞ്ചേരി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരൂര്‍ ബോയ്സ് സ്കൂള്‍ എന്നിവിടങ്ങളിലെ മതില്‍ പൊളിച്ചിരുന്നു. മൂന്നിടത്തും പൊളിച്ച മതില്‍ പുനര്‍ നിര്‍മ്മിച്ചു. ചെറുതുരുത്തിയില്‍ സര്‍ക്കാര്‍ സ്കൂളിന്‍റെ മതിലും നവകേരള ബസിന് വഴിയൊരുക്കാന്‍ പൊളിച്ചു മാറ്റിയിരുന്നു. സ്കൂള്‍ മതിലിന്‍റെ 20 മീറ്ററോളം ഭാഗം ഇനിയും നിര്‍മ്മിച്ചിട്ടില്ല.