1. ശശി തരൂർ- തിരുവനന്തപുരം
ഹാട്രിക്ക് നേട്ടമെന്നതാണ് ശശി തരൂരിന്‍റെ ജയത്തിന് ഇത്തവണ മാറ്റ് കൂട്ടുന്നത്. കുമ്മനം രാജശേഖരനെ 99989 വോട്ടുകൾക്കാണ് തരൂർ തോൽപ്പിച്ചത്. 2009ൽ തിളങ്ങുന്ന വിജയം നേടിയ തരൂർ പക്ഷേ, 2014ൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഒ. രാജഗോപാലിനെതിരെ ജയിച്ചുകയറിയത്.
2. ആന്‍റോ ആന്‍റണി- പത്തനംതിട്ട
ഇത്തവണ ഹാട്രിക്ക് തികച്ച മറ്റൊരു കോൺഗ്രസുകാരനാണ് ആന്‍റോ ആന്‍റണി. ത്രികോണ മത്സരത്തിലാണ് ആന്‍റോ ആന്‍റണി പത്തനംതിട്ടയിലെ മൂന്നാം ഊഴത്തിൽ ജയിച്ചുകയറിയത്. വീണാ ജോർജിനെ 44243 വോട്ടുകൾക്കാണ് ആന്‍റോ ആന്‍റണി തോൽപ്പിച്ചത്. 2009ലും 2014ലും ആന്‍റോ ആന്‍റണി പത്തനംതിട്ടയിൽനിന്ന് ജയിച്ചു പാർലമെന്‍റിലേക്ക് പോയി. 2004ൽ കോട്ടയത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
advertisement
3. എം.കെ രാഘവൻ- കോഴിക്കോട്
ശശി തരൂർ, ആന്‍റോ ആന്‍റണി എന്നിവരെപ്പോലെ ഹാട്രിക്ക് ജയം സ്വന്തമാക്കിയ മറ്റൊരാളാണ് എം.കെ. രാഘവൻ. കോഴ ആരോപണം നേരിട്ടിട്ടും എ. പ്രദീപ് കുമാറിനെതിരെ തിളക്കമാർന്ന ജയം സ്വന്തമാക്കിയ എം.കെ. രാഘവന് 85225 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.
'ഹാട്രിക്' തരൂർ; അന്ന് ലക്ഷം തികയ്ക്കാൻ രണ്ട് വോട്ടുകളുടെ കുറവ്; ഇപ്പോൾ 11 വോട്ടിന്റെയും
വീണവർ
1. എ. സമ്പത്ത്- ആറ്റിങ്ങൽ
ആറ്റിങ്ങൽ മണ്ഡലം രൂപീകൃതമായശേഷമുള്ള മൂന്നാമൂഴത്തിൽ എ. സമ്പത്തിന് കാലിടറുകയായിരുന്നു. അടൂർ പ്രകാശിനോട് 38247 വോട്ടുകൾക്കായിരുന്നു സമ്പത്തിന്‍റെ തോൽവി. 2009, 2014 വർഷങ്ങളിലെ വിജയത്തിന് ശേഷമാണ് സമ്പത്ത് പരാജയം രുചിച്ചത്. ആറ്റിങ്ങലിൽ മൂന്നാമത്തെ മത്സരമായിരുന്നെങ്കിലും ഇതിന് മുമ്പുണ്ടായിരുന്ന ചിറയിൻകീഴിൽനിന്ന് സമ്പത്ത് 1996ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2. പി.കെ. ബിജു- ആലത്തൂർ
ആലത്തൂരിൽ മൂന്നൂമൂഴത്തിലാണ് പി.കെ. ബിജു തോൽവിയുടെ കയ്പ്പ്നീർ കുടിക്കുന്നത്. രമ്യാ ഹരിദാസിനെതിരെ 158968 വോട്ടുകൾക്കായിരുന്നു ബിജുവിന്‍റെ തോൽവി. 2009ലും 2014ലും വിജയിച്ച ബിജു, പക്ഷേ ഹാട്രിക്ക് നേട്ടത്തിനരികെ കാലിടറി വീണു.
3. എം.ബി. രാജേഷ്- പാലക്കാട്
ഇടതുക്യാംപുകളെയും രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ച തോൽവിയായിരുന്നു എം.ബി. രാജേഷിന്‍റേത്. ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന വി.കെ. ശ്രീകണ്ഠനോട് 11637 വോട്ടുകൾക്കാണ് രാജേഷ് തോറ്റത്. 2009ൽ കഷ്ടിച്ചു കടന്നുകൂടിയ രാജേഷ്, 2014ൽ ലക്ഷത്തിൽപ്പരം വോട്ടുകൾക്കായിരുന്നു മിന്നുംജയം സ്വന്തമാക്കിയത്.
