* സീൻ റിക്രിയേഷന്റെ സാധ്യത
* ശാസ്ത്രീയ തെളിവ് ലഭിക്കുമോ
* ദൃക്സാക്ഷി ഇല്ലാത്ത കേസിൽ ഭാവന തുണയാകുമോ
* അന്വേഷണത്തെ സഹായിക്കുമോ
സിബിഐ വന്ന വഴി
2019 ഫെബ്രുവരി 19നായിരുന്നു ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഇരകളുടെയോ പ്രതിസ്ഥാനത്തുള്ളവരുടെയോ രാഷ്ട്രീയമൊന്നും ഒരന്വേഷണ ഏജൻസിക്കും ബാധകമല്ലെന്നാണ് പൊതു ധാരണ. പെരിയ കേസിൽ സിപിഎം പ്രാദേശിക നേതാക്കളും അനുഭാവികളുമായ 14 പേരാണ് പ്രതികൾ. സംസ്ഥാന ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ച് കുറ്റപത്രവും തയ്യാറാക്കിയിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
advertisement
Also Read ജനവിധി അറിയാന്‍ കാത്തു നിന്നില്ല; LDF സ്ഥാനാര്‍ഥി വാഹനാപകടത്തിൽ മരിച്ചു
സംസ്ഥാന സർക്കാർ ഇതിനെ എതിർത്ത് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയെങ്കിലും കോടതി വിധികൾ സർക്കാരിന് കനത്ത തിരിച്ചടി ആയെന്ന് മാത്രമല്ല, ചെലവിനത്തിൽ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചോരുകയും ചെയ്തു. സുപ്രീം കോടതിയുടെ അനുകൂല വിധി വന്നതോടെയാണ് സിബിഐ തിരുവനന്തപുരം യുണിറ്റ് എസ് പി നന്ദകുമാറും, അന്വേഷണച്ചുമതലയുള്ള ഡിവൈഎസ് പി അനന്തകൃഷ്ണനും സംഘവും പെരിയ കല്യോട്ട് എത്തിയത്.
സിബിഐ വന്നിട്ട് എന്താണ് സംഭവിച്ചത് ?
പെരിയ ഇരട്ടക്കൊലക്കേസ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒന്നായതുകൊണ്ടാണ് ശരാശരി മലയാളിക്ക് സിബിഐ വന്നാൽ എന്താകും എന്ന ആകാംഷ ഉദിച്ചത്.സിബിഐ വരുന്നു,( അന്വേഷണ സംഘം എത്തുന്നു) നാട്ടുകാരിൽ നിന്ന് തെരഞ്ഞെടുത്ത 8 പേരെ പ്രതികളെന്ന് മുദ്ര കുത്തിയ മുഖം മൂടി അണിയിക്കുന്നു. രണ്ട് പേരെ ഇരകളുടെ വേഷം കെട്ടിക്കുന്നു.മറ്റ് ചിലരെ രക്ഷാപ്രവർത്തകരുടെ വേഷവും ധരിപ്പിക്കുന്നു.
ആക്രമണത്തിൽ പരുക്കേറ്റ് കിടന്നവരെ ആശുപത്രിയിലെത്തിക്കാൻ യഥാർത്ഥത്തിൽ ഉപയോഗിച്ച വാഹനവും എത്തിച്ചിരുന്നു. എന്നിട്ട് പതിയിരുന്ന് ആക്രമിക്കുന്നതും ഇരകൾ വീണ് പിടിയുന്നതുമൊക്കെ ഒരു സിനിമയിലെന്ന പോലെ പുനരാവിഷ്ക്കരിക്കുന്നു. ഈ പുനരാവിഷ്കരണത്തിൽ നിന്ന് എന്ത് തെളിവാണ് സിബിഐക്ക് ലഭിക്കുക എന്നാണ് ഇനി അറിയേണ്ടത്.
നാടകീയ തുടക്കം അന്വേഷണത്തെ സഹായിക്കുമോ?
ഒറ്റവാക്കിൽ പറഞ്ഞാൽ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിലൂടെ പ്രത്യേകിച്ച് തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിക്കില്ല. സാങ്കേതിക -ശാസ്ത്രീയ അന്വേഷണ രീതി ഇത്രയും പുരോഗമിച്ച കാലത്ത് ഇത്തരം അന്വേഷണ രീതിയൊക്കെ കാലഹരണപ്പെട്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കും അറിയാവുന്നതാണ്. സിബിഐ ഡയറിക്കുറിപ്പ് സിനിമയിലെ 'ഡമ്മി' പരീക്ഷണമൊക്കെ സിബിഐ പോലുള്ള ഏജൻസികൾ ഉപേക്ഷിച്ചിട്ട് കൊല്ലം ഏറെയായി.
പെരിയയിൽ നടന്ന പുനരാവിഷ്കാരം പൊതുജനവും അന്വേഷണ ഉദ്യോഗസ്ഥരും കേട്ട് പഴകിയ കഥയിൽ നിന്ന് മെനഞ്ഞെടുത്ത ഒന്നാണ്. ഒരു പക്ഷെ പെരിയ ഇരട്ടക്കൊലക്ക് ഒരു ദൃക്സാക്ഷി ഉണ്ടായിരിക്കുകയും ആ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ സീൻ റീക്രിയേറ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രതികൾ നിന്ന സ്ഥാനം, ആയുധം ഉപയോഗിച്ച രീതി, ഇരകളുടെ പുരക്കിന്റെ ആഴം ഇതൊക്കെ ഊഹിക്കാനെങ്കിലും കഴിയും.
ദൃക്സാക്ഷിയില്ലാത്ത കേസിൽ പറഞ്ഞു കേട്ടതോ പൊടിപ്പും തൊങ്ങലും വച്ച് എഴുതിയവ വായിച്ചറിഞ്ഞതോ ആയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സീൻ റി ക്രിയേറ്റ് ചെയ്യുമ്പോൾ ഗുണകരമായ യാതൊന്നും അന്വേഷണ സംഘത്തിന് കിട്ടാൻ ഇടയില്ല. തെളിവുണ്ടാക്കാനോ നിഗമനങ്ങളിൽ എത്താനോ കഴിയില്ലെന്നതാണ് വസ്തുത.
എന്നാൽ ശാസ്ത്രീയ കുറ്റാന്വേഷണത്തിന് അന്വേഷണ ഏജൻസികൾ പലപ്പൊഴും സീൻ റിക്രിയേറ്റ് ചെയ്യാറുണ്ട്. അതിൽ നിന്ന് അന്വേഷണ സംഘം എത്തിച്ചേരുന്ന നിഗമനങ്ങൾ അന്വേഷണത്തെ ഏറെ സഹായിക്കുകയും ചെയ്യും. ഉദാഹരണത്തിന് ഉപയോഗിച്ച ആയുധം യന്ത്രത്തോക്കാണെങ്കിൽ , തൊണ്ടിമുതലായി കണ്ടെത്തിയത് കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കാണോ എന്നറിയാൻ ഒരു പക്ഷെ നിറയൊഴിച്ച് നോക്കേണ്ടി വന്നേക്കാം.( ഇരയും പ്രതിയും തമ്മിലുള്ള ദൂരം, ബുള്ളറ്റിലെ മാർക്ക്, ഇരയുടെ ശരീരത്തിൽ ഉള്ള മാർക്കുകൾ ഇതൊക്കെ മനസ്സിലാക്കാൻ ഈ റി ക്രിയേഷൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാറുണ്ട്)
സിബിഐ വരവറിയിച്ചതോ ?
സംസ്ഥാന സർക്കാരിന്റെ എതിർപ്പുകളെ കോടതി വിധികൊണ്ട് മറികടന്ന് പെരിയയിൽ സിബിഐ എത്തിയപ്പോൾ സന്തോഷിച്ച ഇരകളുടെ രക്ഷിതാക്കൾക്കെങ്കിലും സിബിഐ എന്തൊക്കയോ ചെയ്തു എന്ന് തോന്നണം. പിന്നെ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് പെരിയ വരെ എത്തിയിട്ട് സിബിഐ ഒന്നും ചെയ്തില്ലെന്ന് ആരും വിമർശിക്കാനും പാടില്ല, കൂടാതെ സോഷ്യൽ മീഡിയയിലും വിഷ്വൽ മീഡിയയിലും ഒരു സിനിമാറ്റിക് അന്വേഷണത്തിന്റെ ത്രില്ല് കാഴ്ചക്കാരന് ലഭിക്കുകയും വേണം. ഇതൊക്കെ പെരിയയിൽ നടന്ന പുനരാവിഷ്കാരത്തിലൂടെ സാധ്യമായി എന്നതിൽ തർക്കമില്ല. ഇനിയെന്തെങ്കിലും തുമ്പ് ഇതിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചോ എന്ന് ആകാംഷയോടെ കാത്തിരുന്ന ശരാശരി മലയാളി സിബിഐയുടെ അന്തിമ റിപ്പോർട്ട് വരും വരെ വീണ്ടും കാത്തിരിക്കുക തന്നെ വേണം.