ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ രേഖയിലെ കാര്യങ്ങൾ പ്രകാരമാണ് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലായിരുന്നു ആദ്യം ഹർജി നൽകിയത്. എന്നാൽ ഹർജി തള്ളിയതിനെത്തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു. തുടർന്ന് കേസ് നിലനിൽക്കുമോ എന്ന് അന്വേഷിക്കുന്നതിനായി അമിക്കസ്ക്യൂരിയെ നിയോഗിച്ചു. കേസുമായി മുന്നോട്ട് പോകാം എന്ന അമിക്കസ്ക്യൂരിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ വിധി.
Also Read- മാസപ്പടി വിവാദത്തിലും പാലാരിവട്ടം അഴിമതിയിലും ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച നിലയിൽ
advertisement
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് സ്വകാര്യ കമ്പനി 1.72 കോടി നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിയേയും മകളേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിക്കൊണ്ട് കോൺഗ്രസ് എംഎൽഎൽ മാത്യു കുഴൽനാടൻ രംഗത്തെത്തി.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽവന്നതിനുശേഷമുള്ള മൂന്നുവർഷമാണ് വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് പണം കിട്ടിയതെന്നാണ് കമ്പനിയുടെ രേഖകളിലുള്ളത്. ഇതിന് പ്രത്യേകമായ ഒരു സേവനവും ഐടി സംരംഭകയായ വീണയിൽനിന്നോ, അവരുടെ കമ്പനിയിൽനിന്നോ ലഭിച്ചിട്ടില്ലെന്നാണ് കമ്പനി പ്രതിനിധി ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റിന് നൽകിയ മൊഴിയിലുള്ളത്. ഇരുപക്ഷത്തേയും നേതാക്കൾ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയതായും രേഖകളിലുണ്ട്. ആദായനികുതി വകുപ്പ് പരിശോധനയിൽ പിടിച്ചെടുത്ത കുറിപ്പുകളിൽ നേതാക്കളുടെ ചുരുക്കപ്പേരാണുള്ളത്.