കണ്ണൂരിൽ ബാങ്ക് ഉദ്യോഗസ്ഥനായ സി പി സുന്ദർരാജ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഈ സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. സാധാരണക്കാരനായ, അവശനായ ഒരു മനുഷ്യന്‍ ബാങ്കിലേക്കു കയറിവന്ന് ചോദിച്ചു: എന്റെ അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്നു പറയാമോ? 2,00,850 രൂപയുണ്ടെന്ന ഉദ്യോഗസ്ഥന്റെ മറുപടിക്കു പിന്നാലേ അടുത്ത നിര്‍ദേശമെത്തി- അതില്‍ രണ്ടു ലക്ഷം രൂപ കോവിഡ് വാക്‌സീന്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണം. ‘ആദ്യം അമ്പരപ്പായിരുന്നു, പിന്നെ ഞങ്ങളെപോലെയുള്ള ഉദ്യോഗസ്ഥരൊക്കെ ആ മനുഷ്യന്റെ മുന്നില്‍ എത്ര ചെറുതാണെന്ന് ഓര്‍ത്തുപോയി’'- സൗന്ദര്‍ രാജ് പറഞ്ഞു.
advertisement
ബാങ്കിലേക്കു വന്ന ആ മനുഷ്യനോട് സൗന്ദര്‍രാജ് വിശദമായി സംസാരിച്ചു. ‘കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരാള്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റു ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നും മനസ്സിലായി. വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അൽപം കഴിഞ്ഞും അയച്ചാല്‍ പോരെ എന്നു ചോദിച്ചു. നിങ്ങള്‍ക്ക് പൈസ ആവശ്യമായി വന്നാലോ എന്നും ഓര്‍മിപ്പിച്ചു’-സൗന്ദര്‍രാജ് പറയുന്നു.
‘എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട്. അതിനു ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ അതു തന്നെ ധാരാളം. മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. പണം ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്’-പ്രായമായ ആ മനുഷ്യന്‍റെ മറുപടി ഇങ്ങനെ. അക്കൗണ്ടിലുള്ള പണം മുഴുവനായി കൈമാറുകയാണ്. ബന്ധുക്കളെ അറിയിക്കണോ എന്നതടക്കം ചര്‍ച്ചയായി. പ്രായമായയാള്‍ നിലപാടില്‍ ഉറച്ചുനിന്നു. എന്റെ പണം അയയ്ക്കുന്നതില്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നമെന്ന് അല്‍പം ദേഷ്യപ്പെടുകയും ചെയ്തു. അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ കാരുണ്യമുള്ള മുഖഭാവം കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു മനസിലായി. നിരവധി പാവപ്പെട്ട മനുഷ്യർക്ക് താങ്ങാകാൻ ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവർ കൈമാറി.
എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്റെ മാനുഷികമായ പ്രത്യേകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മുമ്പുണ്ടായിരുന്നത് പോലെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവരുടെയും അനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസിന്റെ ഭാഗമായിട്ടുള്ള രാജേഷ് മണിമല എന്ന ഉദ്യോഗസ്ഥന്‍ ചിത്രങ്ങള്‍ വരച്ച് നല്‍കിയാണ് വാക്‌സിന്‍ ചലഞ്ചിന് പിന്തുണയര്‍പ്പിച്ചത്. കുട്ടികള്‍ സമ്പാദ്യകുടുക്ക പോലും കൈമാറുന്നുണ്ട്. 105ാം വയസ്സില്‍ കൊവിഡിനെ നേരിട്ട് വിജയിച്ച അസ്മാബീവി, സാഹിത്യകാരന്‍ ടി പത്മനാഭന്‍, കെപിസിസി വൈസ്പ്രസിഡന്റ് ശരത് ചന്ദ്രപ്രസാദ് എന്നിങ്ങനെ നിരവധി പേര്‍ ചലഞ്ചിന്റെ ഭാഗമായെന്നും പിണറായി പറഞ്ഞു. സിനിമ-സാംസ്‌കാരിക മേഖലയില്‍ നിന്നെല്ലാം സഹായം വന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരനെയും രമേശ് ചെന്നിത്തലയെയും പരിഹസിച്ച് പിണറായി രംഗത്തെത്തി. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് വി മുരളീധരനെ പരാമര്‍ശിച്ച് പിണറായി പറഞ്ഞു. നേരത്തെ വാക്‌സിന്‍ ചലഞ്ചിനെ മുരളീധരന്‍ പരിഹസിച്ചിരുന്നു. അവരവര്‍ കണ്ടതും അവരവര്‍ അനുഭവിച്ചതും ശീലിച്ചതുമായ കാര്യങ്ങള്‍, മറ്റുള്ളവരില്‍ അങ്ങനെ തന്നെയാണെന്ന് ധരിക്കരുത്. അങ്ങനെ കരുതുന്നത് കൊണ്ടാണ് ഈ ഫണ്ട് ഒക്കെ മറ്റ് വഴിക്ക് പോകുമെന്നുള്ള ആശങ്ക. ഇത്തരക്കാരോട് സാധാരണ മറുപടി പറയാത്തതാണ് നല്ല. ഈ സമയത്ത് ഒന്നിച്ച് നില്‍ക്കുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
