അത്തം ഇന്നോ നാളെയോ?
ഇത്തവണത്തെ ഓണം 2021 ഓഗസ്റ്റ് 21ന് ശനിയാഴ്ചയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഓണത്തിന് മുന്നോടിയായി വരുന്ന അത്തം എന്നാണ് എന്ന കാര്യത്തിൽ ചിലരെങ്കിലും സംശയത്തിലാണ്. അത്തപ്പൂക്കളം ഇട്ടുതുടങ്ങേണ്ടത് ഓഗസ്റ്റ് 12ന് വ്യാഴാഴ്ചയാണോ 13ന് വെള്ളിയാഴ്ചയാണോ എന്നാണു സംശയം.
എന്നാൽ, സംശയം വേണ്ട. അത്തം ഓഗസ്റ്റ് 12ന് വ്യാഴാഴ്ച തന്നെ. കേരളത്തിലെ ഓണാഘോഷത്തിനു തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്ന് തന്നെയാണ്. കലണ്ടറുകളിൽ 12ന് ഉത്രം നക്ഷത്രം ആണെന്നു കാണും. അത്തം എന്നെഴുതിക്കാണുന്നത് 13 ന്റെ കള്ളിയിലാണ്. പക്ഷേ ഇന്ന് രാവിലെ 8 മണി 54 മിനിറ്റ് വരെ മാത്രമേ ഉത്രം നക്ഷത്രം ഉള്ളൂ. അതു കഴിഞ്ഞാൽ അത്തമായി.
advertisement
13ന് രാവിലെ 8 മണി 01 മിനിറ്റ് വരെ അത്തം നക്ഷത്രമാണ്. അതായത്, 13ന് പിറന്നാൾ പക്ഷത്തിൽ ആവശ്യമായ അത്രയും നേരം അത്തം നക്ഷത്രം ഇല്ല. അതുകൊണ്ട് അത്തം വരുന്നത് ഓഗസ്റ്റ് 12ന് തന്നെ. അത്തപ്പൂക്കളം ഇട്ടുതുടങ്ങേണ്ടതും 12ന് തന്നെ.
തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്
തൃപ്പൂണിത്തുറ അത്തച്ചമയം മലയാളികൾക്ക് എന്നും ആഘോഷത്തിന്റേതായിരുന്നു. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് മലയാളിയുടെ ഓണാഘോഷങ്ങൾ തുടങ്ങുന്നത്. എന്നാൽ കൊവിഡ് കാലമായതിനാൽ ഇത്തവണ കഴിഞ്ഞ വർഷത്തേതിന്‍റെ തനിയാവർത്തനാണ്.
ആളും ആരവവുമില്ലാതെ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് ഇന്ന് കൊടിയേറും. കോവിഡ് കാലമായതിനാൽ ആഘോഷം ചടങ്ങുകളിൽ മാത്രമാകും. പ്രളയവും കോവിഡും തീർത്ത കെടുതികൾക്കിടെ കഴിഞ്ഞ നാലുവർഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ല. ഇത്തവണയും ഇതുതന്നെയാണ് സ്ഥിതി.
അത്തം നഗറിൽ ഉയർത്താനുളള പതാക രാജകുടുംബത്തിന്‍റെ പ്രതിനിധിയായ നിർമല തമ്പുരാനിൽ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിന്‍റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്
ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് പതാക ഉയർത്തും. കോവിഡ് കാലമായതിനാൽ കഥംകളി, ഓട്ടം തുള്ളൽ അടക്കമുളള മത്സരങ്ങൾ ഓൺലൈനായി നടത്തും. പണ്ടുകാലത്ത് കൊച്ചി രാജാക്കൻമാർ പ്രജകളെ കാണാൻ അത്തം നാളിൽ നടത്തിയിരുന്ന ഘോഷയാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയമായി മാറിയത്.
ദുരിതനാളിലെ ഓണക്കാലം
കോവിഡ് എന്ന മഹാമാരി സമ്മാനിച്ച ദുരിതത്തിന്റെ പിടിയിലാണ് നാട്. ഇതിനിടെയാണ് മലയാളികളുടെ ഏറ്റവും വലിയ ഉത്സവകാലമെത്തുന്നത്. അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലം എത്തുന്നത്. അത്തം നാൾ പിറന്നതുതന്നെ നല്ല മഴയോടെയാണ്. ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം വലിയൊരു വിഭാഗം ജനങ്ങളും ദുരിതത്തിലാണ്. ഓണം ആഘോഷിക്കാനോ പുതുവസ്ത്രങ്ങൾ വാങ്ങാനോ ഒക്കെ കൈയിൽ കാശില്ലാതെ വിഷമിക്കുന്നവരാണ് ഏറെയും.
കോവിഡ് ജാഗ്രതയുടെ നിയന്ത്രണങ്ങള്‍ക്കിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലമാണിത്. പുത്തനുടുപ്പുകളും പൂപ്പൊലിമയും ഉത്സവാന്തരീക്ഷവും സദ്യവട്ടങ്ങളും ഒക്കെ നിറയുന്ന ഓണക്കാലത്തില്‍നിന്ന് ഏറെ വ്യത്യസ്തം. ഓണത്തിരക്കില്‍ രോഗവ്യാപനമുണ്ടാവാതിരിക്കാനുള്ള ജാഗ്രത കൈവെടിയരുതെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. ഓണ വിപണിയുടെ ഉന്മേഷത്തില്‍ ഒരു വര്‍ഷത്തെ ജീവിതം പൊലിപ്പിക്കാന്‍ കാത്തിരുന്നവര്‍ക്ക് ഇക്കുറിയും നിരാശയാണ് ബാക്കി. കടകൾ തുറന്നെങ്കിലും നിയന്ത്രണങ്ങളും ലോക്ക്ഡൗൺ കാലത്ത് പലരുടെയും വരുമാനം നിലച്ചതും ഓണപ്പൊലിമ കുറച്ചേക്കും. എങ്കിലും മലയാളികളുടെ മനസ്സിലും ഓർമകളിലും ഇത് ആഘോഷ കാലമാണ്.