നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് ഉയര്‍ത്താനുള്ള ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ മാര്‍ഗം സൂര്യപ്രകാശമാണ് എന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും ദൈനംദിന ജീവത്തിലെ തിരക്കുകള്‍ക്കിടയില്‍ നമ്മുടെ ശരീരത്തിന് വേണ്ടതും ആവശ്യമായതുമായ പലതും അവഗണിക്കുന്നത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും.
നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നമുക്കുണ്ടാകുന്ന ഉത്‌കണ്‌ഠ കുറയ്‌ക്കുന്നതിനും വിറ്റാമിന്‍ ഡിയുടെ പങ്ക് വളരെ വലുതാണ്. ഇതിന് പുറമെ നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലും വിറ്റാമിന്‍ ഡി സവിശേഷമായ പങ്കു വഹിക്കുന്നുണ്ട്.
advertisement
ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്‌ഫറസിന്റെയും ആഗിരണം നിയന്ത്രിക്കുന്നതിനും വിറ്റാമിന്‍ ഡി സഹായിക്കും, എല്ലുകളുടെയും പല്ലുകളുടെയും സ്വാഭാവിക വളര്‍ച്ചയ്‌ക്കും വികാസത്തിനും ഇത് കാരണമാകും.
സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും കുറച്ച് മനോവികാരങ്ങള്‍ നിയന്ത്രിക്കുന്നതിലും വിറ്റാമിന്‍ ഡിയ്‌ക്ക് ഗണ്യമായ പങ്കുണ്ട്.
ഇത്തരത്തില്‍ വിറ്റാമിന്‍ ഡി നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ അപര്യാപ്‌തത സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.
ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തത നല്‍കുന്ന സൂചനകളും ലക്ഷണങ്ങളും എന്തെല്ലാമാണന്ന് നോക്കാം
1. തളര്‍ച്ചയും ക്ഷീണവും
നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെങ്കില്‍ ഇടയ്‌ക്കിടെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും. ദിവസം മുഴുവന്‍ നിങ്ങള്‍ കോട്ടുവായിടുകയാണെങ്കില്‍ ഉറപ്പായും നിങ്ങളുടെ വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശം തേടുകയും വേണം.
2. അസ്ഥി വേദന വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തതയുടെ സൂചനയാകാം
വിറ്റാമിന്‍ ഡി ആണ് പിള്ളവാതത്തിനുള്ള (Rickets) പ്രധാന പ്രതിവിധിയായി കണക്കാക്കുന്നത്. കുട്ടികളുടെ എല്ലുകള്‍ മൃദുലവും ദുര്‍ബലവും ആകുന്ന അവസ്ഥയാണിത്. കാത്സ്യവും ഫോസ്‌ഫറസും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ വിറ്റാമിന്‍ ഡി എല്ലുകളുടെ വളര്‍ച്ചയ്‌ക്കും വികാസത്തിനും സഹായിക്കും. അതേസമയം വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌ത വിപരീത ഫലമാണ് ഉളവാക്കുക. ഇത് എല്ലുകളുടെ വേദനയ്‌ക്ക് കാരണമാകും.
3. വിട്ടുമാറാത്ത പേശിവേദന
വിറ്റാമിന്‍ ഡിയുടെ അഭാവം വിട്ടുമാറാത്ത പേശീ വേദനയ്‌ക്ക് (Muscle Pain) കാരണമായേക്കാം. അതിനാല്‍ നിങ്ങള്‍ക്ക് നിരന്തരമായി പേശീവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ രക്ത പരിശോധനയിലൂടെ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണോ എന്ന് നോക്കുക. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത സ്ഥിരീകരിക്കുന്നതിനായി രണ്ട് തരം ടെസ്റ്റുകള്‍ ഉണ്ട്. 25 ഹൈഡ്രോക്‌സി വിറ്റാമിന്‍ ഡി ഇതില്‍ പ്രധാനമാണ്. 25 (OH) D എന്നാണ് ഇത് അറിയപ്പെടുന്നത് .
4. മുടി കൊഴിച്ചില്‍
മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും ശരിയായ പോഷകങ്ങളുടെ ആഭാവം ആണ് ഇതിന് പ്രധാന കാരണം. വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് മൂലം രണ്ട് തരത്തില്‍ മുടികൊഴിച്ചില്‍ അനുഭവപ്പെടാം. ആദ്യത്തേത് സ്‌ത്രീകളിലെ മുടി കൊഴിച്ചിലാണ്. തലയിലെ മാത്രം മുടി കൊഴിഞ്ഞ് മൊത്തം മുടിയുടെ ഉളള് കുറയുന്നതിന് ഇത് കാരണമാകും. രണ്ടാമത്തേത് ശരീരത്തിലുടനീളം വ്യാപിക്കുന്ന തരത്തിലുള്ള മുടി കൊഴിച്ചിലാണ്.