അന്താരാഷ്ട്ര തലത്തില്‍ നടന്ന നിരവധി പഠനങ്ങളും സ്ത്രീകളിലെ വര്‍ധിച്ചുവരുന്ന ഹൃദ്രോഗങ്ങളെപ്പറ്റി പറയുന്നുണ്ട്. ഇവ സ്താനാര്‍ബുദത്തെക്കാള്‍ പത്ത് മടങ്ങ് മരണസാധ്യതയാണ് സ്ത്രീകളിലുണ്ടാക്കുന്നതെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഹൃദ്രോഗത്തെപ്പറ്റി ശരിയായ അറിവില്ലാത്തത് സ്ത്രീകളിലെ മരണനിരക്ക് വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
സ്ത്രീകളിൽ ഹൃദ്രോഗം അറിയപ്പെടാതെ പോകാൻ കാരണമെന്ത്?
സ്ത്രീകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നത്. ഈ അവസരത്തില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ സ്ത്രീകളില്‍ ഭൂരിഭാഗം പേരും തയ്യാറാകില്ല. ചെറിയൊരു നെഞ്ച് വേദന വന്നാലും അവയെ മാറ്റിവെച്ച് വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിലാകും അവരുടെ ശ്രദ്ധ. സ്വന്തം കാര്യം നോക്കുന്നതിനെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കണമെന്ന പുരുഷാധിപത്യ സമൂഹത്തിലെ കാഴ്ചപ്പാട് ആണ് ഇതിനെല്ലാം കാരണം.
advertisement
ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്തമായ രീതിയിലായിരിക്കും. അവസാന നിമിഷത്തില്‍ തങ്ങള്‍ക്ക് ഇതിനുമുമ്പ് ഹാര്‍ട്ട് അറ്റാക്ക് അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് പോലും അറിയാതെയായിരിക്കും സ്ത്രീകള്‍ ഡോക്ടര്‍മാരെ സമീപിപ്പിക്കുക. ആ അവസരത്തില്‍ ഒന്നോ രണ്ടോ മൈല്‍ഡ് അറ്റാക്ക് വരെ അവര്‍ക്ക് സംഭവിച്ചിട്ടുണ്ടാകും. ഇതൊന്നുമറിയാതെയാണ് ഭൂരിഭാഗം സ്ത്രീകളും വൈദ്യപരിശോധനയ്ക്കായി എത്തുന്നത്.
പുരുഷന്‍മാരില്‍ സാധാരണയായി അസഹ്യമായ നെഞ്ച് വേദനയും തളര്‍ച്ചയോടും കൂടിയാണ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ വളരെ ലഘുവായിരിക്കും. ചെറിയ നെഞ്ച് വേദന മാത്രമേ അവര്‍ക്ക് അനുഭവപ്പെടാറുള്ളു. താടിയെല്ലിലെ വേദന, ക്ഷീണം, നെഞ്ചെരിച്ചില്‍, കഴുത്തിലെയും മുതുകിലേയും വേദന എന്നിവയായിരിക്കും സ്ത്രീകളിലെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണമുള്ളവര്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ഏത് പ്രായത്തിലെ സ്ത്രീകളാണ് കൂടുതല്‍ ജാഗ്രതരാകേണ്ടത്?
45 -55 വയസ്സിനടുത്ത് പ്രായമുള്ള സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ ആര്‍ത്തവവിരാമത്തിന് ശേഷം ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയും. കൂടാതെ ജോലി, കുടുംബം എന്നിവയിലെ സമ്മര്‍ദ്ദം, ഏകാന്തത, വ്യായാമം ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം ഹാര്‍ട്ട് അറ്റാക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. മാത്രമല്ല ഈ പ്രായത്തില്‍ പെട്ട പല സ്ത്രീകളും രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാറുമില്ല.
Also Read – Health Tips | അപസ്മാരം: പ്രഥമശുശ്രൂഷകള്‍ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രണ്ടാമത്തെ വിഭാഗം 60 വയസ്സിന് മുകളിലുള്ള സ്ത്രീകളാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലി, ജീവിതശൈലി പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും.
ഹാര്‍ട്ട് അറ്റാക്കില്‍ നിന്ന് രക്ഷ നേടാന്‍ സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങള്‍?
- ഹൃദ്രോഗ ലക്ഷണങ്ങളെപ്പറ്റി കൂടുതല്‍ അറിയുക.
- പുകവലി ഉപേക്ഷിക്കുക.
- യോഗ, നൃത്തം, നടത്തം, എന്നിവയിലേതെങ്കിലും ഒന്ന് ദിവസവും പരിശീലിക്കുക. പൊണ്ണത്തടി നിയന്ത്രിക്കുക.
- ജങ്ക് ഫുഡ് ഒഴിവാക്കണം. പഴങ്ങള്‍,പച്ചക്കറികള്‍, എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണ ക്രമം ശീലിക്കണം.
- പഞ്ചസാര, ഉപ്പ് എന്നിവ ഭക്ഷണത്തില്‍ നിന്ന് കുറയ്‌ക്കേണ്ടതാണ്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെയാണ് ഹാര്‍ട്ട് അറ്റാക്ക് ബാധിക്കുന്നത്. ശരിയായ ജീവിതരീതിയിലൂടെയും സ്ഥിരമായ വൈദ്യപരിശോധനയിലൂടെയും ഹൃദ്രോഗത്തെ നിയന്ത്രിക്കാനാകും എന്ന കാര്യം എപ്പോഴും ഓര്‍ക്കുക.
(എഴുതിയത്: ഡോ. പ്രദീപ് കുമാര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്- ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍, ബെംഗളൂരൂ)