സ്ത്രീകൾ അവരുടെ ആർത്തവകാലത്തിന് മുമ്പുള്ള അഞ്ചു ദിവസവും ആർത്തവകാലത്തിന് ശേഷമുള്ള അഞ്ചു ദിവസവും കോവിഡ് വാക്സിൻ എടുക്കരുതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം. എന്നാൽ, ഇത് മുഴുവനായും തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള കിംവദന്തികളുടെ മുനയൊടിച്ച് ട്വീറ്റ് ചെയ്തത് പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ്.
COVID 19 | ഓക്സിജൻ ക്ഷാമം രൂക്ഷം; ജീവവായു കിട്ടാതെ 31 മരണം കൂടി; ദാരുണസംഭവം ഡൽഹിയിലും പഞ്ചാബിലും
advertisement
'സ്ത്രീകൾ അവരുടെ ആർത്തവചക്രത്തിന് മുമ്പും ശേഷവും കോവിഡ് 19 വാക്സിൻ എടുക്കരുതെന്ന് സോഷ്യൽ മീഡിയയിൽ വ്യാജസന്ദേശം പ്രചരിക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രചരണങ്ങളിൽ വീഴരുത് ' - പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റിൽ വ്യക്തമാക്കി.
ആർത്തവകാലത്ത് സ്ത്രീകളിൽ പ്രതിരോധശേഷി കുറവായിരിക്കുമെന്നും അതുകൊണ്ടു തന്നെ ആർത്തവചക്രത്തിന് മുമ്പും പിമ്പുമുള്ള അഞ്ചു ദിവസങ്ങളിൽ കോവിഡ് വാക്സിൻ എടുക്കരുതെന്നും ആയിരുന്നു വ്യാജസന്ദേശം.
ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് വില നിശ്ചയിച്ചു; സംസ്ഥാനങ്ങൾക്ക് നൽകുന്നത് 600 രൂപയ്ക്ക്
സർക്കാരിനെ കൂടാതെ നിരവധി ഡോക്ടർമാരും ഇത് തെറ്റായ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും എല്ലാവരും എത്രയും പെട്ടെന്ന് കോവിഡ് പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ഇത്തരം വ്യാജ പ്രചരണങ്ങളിൽ സ്ത്രീകൾ വീഴരുതെന്ന് ഡോ മുഞ്ഞാൽ വി കപാഡിയ പറഞ്ഞു. സ്ത്രീകളുടെ ആർത്തവം ഒരു തരത്തിലും വാക്സിനെ ബാധിക്കില്ലെന്നും കഴിവതും വേഗം വാക്സിൻ എടുക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. അതേസമയം, മെഡിക്കൽ സ്റ്റാഫ് ആണെന്ന് അവകാശപ്പെട്ട മറ്റൊരു ട്വിറ്റർ ഉപയോക്താവ് താൻ വാക്സിൻ സ്വീകരിച്ചത് ആർത്തവസമയത്താണെന്നും വ്യക്തമാക്കി.
മെയ് ഒന്നുമുതൽ കേന്ദ്രസർക്കാർ 18 വയസിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യവ്യാപകമായി വാക്സിനേഷൻ ആരംഭിച്ചത് ജനുവരി 16 മുതലായിരുന്നു. രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് ആയിരുന്നു ആദ്യഘട്ടത്തിൽ വാക്സിനേഷൻ. മാർച്ച് ഒന്നു മുതൽ 60 വയസിനു മുകളിൽ ഉള്ളവർക്കും ഏപ്രിൽ ഒന്നു മുതൽ 45 വയസിനു മുകളിൽ ഉള്ളവർക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചു.