“അമിതഭാരം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് സ്ട്രോക്ക് ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. അമിതഭാരം ശരീരത്തിൻെറ സന്തുലിതാവസ്ഥയെ ആകെ തകർക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ എന്നിവയെല്ലാം വർധിക്കും. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്,” ഫരീദാബാദിലെ ഏഷ്യൻ ഹോസ്പിറ്റലിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. നേഹ കപൂർ പറഞ്ഞു.
അമിതഭാരമുള്ള ആളുകൾക്ക് മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാൻ സാധ്യതയുണ്ട്. അത് സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന ബിഎംഐയും സ്ട്രോക്കും തമ്മിലുള്ള മറ്റ് ചില ഘടകങ്ങളും സ്ട്രോക്കിന് കാരണമാവുന്നുണ്ട്. അമിതഭാരം സ്ട്രോക്ക് ഉണ്ടാവാൻ സാധ്യത വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും തന്നെയില്ല. അതിനാൽ പൊണ്ണത്തടി കുറയ്ക്കാൻ എന്ത് ചെയ്യണമെന്ന് അറിഞ്ഞിരിക്കുന്നത് വളരെ ഗുണം ചെയ്യും.
advertisement
പൊണ്ണത്തടി കുറയ്ക്കാനും അത് വഴി സ്ട്രോക്ക് സാധ്യത ഇല്ലാതാക്കാനും എന്തെല്ലാം ചെയ്യണമെന്ന് നേഹ കപൂർ വിശദീകരിക്കുന്നുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ ചെയ്ത് നോക്കൂ:
ദിവസവും വ്യായാമം ചെയ്യുക
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ഏത് പ്രായത്തിലുള്ളവർക്കും നല്ലതാണ്. വ്യായാമം പൊണ്ണത്തടി കുറയ്ക്കുക മാത്രമല്ല, ഹൃദയത്തിൻെറ ആരോഗ്യത്തിനും ഗുണം ചെയ്യും. ദിവസവും ഒന്നര മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക.
Also read : വയറും മനസും നിറയ്ക്കുന്നവരെ നന്ദിയോടെ ഓര്‍ക്കാം; ഇന്ന് അന്താരാഷ്ട്ര ഷെഫ് ദിനം
ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും സ്ട്രോക്കിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും സഹായിക്കും. താഴെ പറയുന്ന ഭക്ഷണങ്ങൾ ശീലമാക്കുക.
- ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ബ്രോക്കോളി, മുന്തിരി തുടങ്ങിയ ഭക്ഷണങ്ങൾ
- പ്രോട്ടീൻ കൂടുതലുള്ള ബീൻസ്, ഗ്രീൻ പീസ് തുടങ്ങിയവ
- നാരുകൾ നിറഞ്ഞ ചീര പോലുള്ള ഇലക്കറികൾ
- ഒമേഗ-3 കൊഴുപ്പ് അടങ്ങിയ സാൽമൺ, അയല തുടങ്ങിയ മത്സ്യവിഭവങ്ങൾ
- കോളിഫ്ലവർ, കാബേജ് തുടങ്ങിയ നാരുകൾ കൂടുതലുള്ള പച്ചക്കറികൾ
- ഗ്രീക്ക് യോഗർട്ട് പോലുള്ള പാലുൽപ്പന്നങ്ങൾ
സോഡിയം കൂടുതലുള്ള ഭക്ഷണ പദാർഥങ്ങൾ, വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, വൈറ്റ് ബ്രെഡ്, പാസ്ത മുതലായവ കഴിക്കുന്നത് നിയന്ത്രിക്കുക. ഭക്ഷണം കഴിക്കുന്ന അളവ് കുറയ്ക്കുന്നത് നല്ലതാണ്. എന്നാൽ അതിന് വേണ്ടി പട്ടിണി കിടക്കാൻ ശ്രമിക്കരുത്. അത് നിങ്ങളെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.
സ്ട്രോക്കിൻെറ ലക്ഷണങ്ങളും അറിയുന്നത് നല്ലതാണ്. അവ താഴെ പറയുന്നവയാണ്:
- പെട്ടെന്നുണ്ടാവുന്ന തലവേദന
- ആശയക്കുഴപ്പം
- തലചുറ്റുന്നത് പോലുള്ള തോന്നൽ
- വ്യക്തമായി സംസാരിക്കാൻ സാധിക്കാതിരിക്കുക
- നടക്കുന്നതിന് ബുദ്ധിമുട്ട്
ഇത്തരം ലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുക.