എന്നാൽ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത എന്താണെന്നു വെച്ചാൽ , സാധാരണയായി പ്രായമായവരിൽ കണ്ടുവരുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ഇപ്പോൾ കൗമാരക്കാരിലും കണ്ടു വരുന്നു എന്നതാണ്. 20നും 30നും ഇടയിൽ പ്രായമുള്ളവരിലാണ് ഇപ്പോൾ ഓസ്റ്റിയോ ആർത്രൈറ്റിസ് കൂടുതലായും കണ്ടുവരുന്നത്.
അമേരിക്കൻ കോളേജ് ഓഫ് റൂമറ്റോളജിയുടെ ഔദ്യോഗിക ജേണലായ 'ആർത്രൈറ്റിസ് ആൻഡ് റൂമറ്റോളജി'യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് കേസുകൾ 1990 നെ അപേക്ഷിച്ച് 2019 ൽ 13.25 ശതമാനം വർധിച്ചു എന്ന് വ്യക്തമാക്കുന്നു. 247.51 ദശലക്ഷത്തിൽ നിന്നും 527.81 ദശലക്ഷമായാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് കേസുകൾ വർധിച്ചത് എന്ന് പഠനം പറയുന്നു.
advertisement
എന്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ്?
അസ്ഥികളെ പൊതിഞ്ഞു സംരക്ഷിക്കുന്ന, എല്ലുകളുടെ അറ്റത്ത് കാണപ്പെടുന്ന സംരക്ഷിത ടിഷ്യു ആയ തരുണാസ്ഥിയ്ക്ക് കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയാണിത്. തുടർന്ന് അസ്ഥികൾ തമ്മിൽ ഉരസുന്ന അവസ്ഥ ഉണ്ടാകുന്നു. ഇങ്ങനെ ഉരസുന്നത് വേദനയ്ക്ക് കാരണമാകും. മനുഷ്യ ശരീരത്തിലെ ഏത് സന്ധിയിലും ഈ അവസ്ഥ ഉണ്ടാകാം. എങ്കിലും സാധാരണയായി വിരൽ, കൈകൾ, തോളുകൾ, നട്ടെല്ല്, കഴുത്ത്, താഴത്തെ പുറം, കാൽമുട്ടുകൾ, ഇടുപ്പ് എന്നിവിടങ്ങളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. വേദന കൂടുകയും രോഗിയുടെ അവസ്ഥ കാലക്രമേണ വഷളാവുകയും ചെയ്യുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ അറിയാം:
എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴോ അത് കഴിഞ്ഞോ സന്ധികളിൽ ഉണ്ടാകുന്ന വേദന
സന്ധികൾക്ക് ചുറ്റും വീക്കം
സാധാരണ വഴക്കത്തോടെ ജോയിന്റുകൾ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ
സന്ധികളിൽ കാഠിന്യം അനുഭവപ്പെടുന്നത്
സന്ധികളിൽ മുറുക്കം അനുഭവപ്പെടുന്നത്
പൊട്ടുന്ന പോലുള്ള ശബ്ദം സന്ധികളിൽ നിന്നും ഉണ്ടാകുന്നത്
രോഗം ബാധിച്ച സന്ധികൾക്ക് ചുറ്റും മുഴകൾ ഉണ്ടാകുന്നത്.
ഓസ്റ്റിയോ ആർത്രൈറ്റിസ് അവസ്ഥയ്ക്ക് പിന്നിലെ പ്രധാന കാരണം വാർദ്ധക്യമായിരുന്നു. എന്നാൽ നിലവിൽ ഇത് കൗമാരക്കാരിലടക്കം കാണപ്പെടുന്നു. പരിക്കുകൾ മൂലം തരുണാസ്ഥികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലവും ഈ അവസ്ഥയിലേക്ക് എത്തിച്ചേരാം. ലിഗമെന്റിന് പരിക്കുകൾ പറ്റുകയോ അസ്ഥികൾക്ക് സ്ഥാനഭ്രംശം സംഭവിക്കുകയോ ചെയ്താൽ ഓസ്റ്റിയോ ആർത്രൈറ്റിസ് വരാം. പൊണ്ണത്തടിയും ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത വർദ്ധിപ്പിക്കുന്നു. പാരമ്പര്യമായും ഈ രോഗം വരാമെന്നു ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷം ഓസ്റ്റിയോ ആർത്രൈറ്റിസ് വരാം. പ്രമേഹം പോലെ നിങ്ങളുടെ സന്ധിയെ ബാധിക്കുന്ന ഏതെങ്കിലും ആരോഗ്യാവസ്ഥ കാരണവും ഓസ്റ്റിയോ ആർത്രൈറ്റിസ് പിടിപെടാം
