കൃത്യമായ സുരക്ഷാ മുന്‍കരുതലോ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുകയോ ചെയ്യാതെയുള്ള ടാറ്റുവരയ്ക്കല് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിയ്ക്കുകയെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: ടാറ്റൂ ആര്‍ട്ടിസ്റ്റില്‍ (Tattoo Artist) നിന്ന് ലൈംഗിക പീഡനത്തിന് (Sexual Abuse) ഇരയായെന്ന യുവതികളുടെ വെളിപ്പെടുത്തലോടെ കൊച്ചി നഗരത്തില്‍ കൂണുപോലെ മുളച്ചുവരുന്ന ടാറ്റൂ സെന്ററുകളേക്കുറിച്ച് അധികൃതര്‍ പരിശോധന ആരംഭിച്ചു. കൃത്യമായ സുരക്ഷാ മുന്‍കരുതലോ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുകയോ ചെയ്യാതെയുള്ള ടാറ്റുവരയ്ക്കല് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിയ്ക്കുകയെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
എയിഡ്സ് മുതല്‍ ഹെപ്പറ്റൈറ്റിസ് വരെ
കൃതിമ മഷി ത്വക്കിന്റെ ആവരണത്തിലേക്ക് സൂചി ഉപയോഗിച്ച് കടത്തിവിടുകയാണ് ടാറ്റൂവരയില് നടക്കുന്നത്. സൂചികള്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ മുറിവുകളുണ്ടാക്കുന്നു. പ്രത്യേക അറകളായി തുടരുന്ന ഇത്തരം മുറിവുകള്‍ പലതരത്തിലുമുള്ള പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടാക്കാറുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ മുറിവുകള്‍ കരിയുമെന്ന് ടാറ്റൂ സെന്ററുകള്‍ പറയുമ്പോഴും മാസങ്ങളോളം കരിയാത്ത മുറിവുകളും ഉണ്ടാവാറുണ്ട്. മഷി കടത്തിവിടുന്നതിനായി ഉപയോഗിക്കുന്ന സൂചി അണുവിമുക്തമാക്കിയെന്ന് മിക്ക സെന്ററുകളും അവകാശപ്പെടുമ്പോള്‍ സുചിഘടിപ്പിയ്ക്കുന്ന ഉപകരണം ക്യത്യമായ അണുവിമുക്തമാക്കലിന് വിധേയമാകാറില്ല. കൃത്യമായ അണുവിമുക്തമാക്കല്‍ നടക്കാത്ത കേന്ദ്രങ്ങള്‍ ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി തുടങ്ങിയ മാരകരോഗങ്ങളാവും ടാറ്റുവരയ്ക്കാനെത്തുന്നവര്ക്ക് സമ്മാനിയ്ക്കുക.
ത്വക്കില്‍ അലര്‍ജി
ത്വക്കില്‍ മുറിവുകള്‍ ഉണ്ടാക്കി മഷി നിറച്ചുണ്ടാവുന്ന മുറിവുകള്‍ കുറച്ചുനാള്‍ കഴിഞ്ഞു ഉണങ്ങും. ഇതോടെ ഈ കോശങ്ങള്‍ സമീപത്തിലുള്ള മുറിവല്ക്കാത്ത കോശങ്ങളില്‍ നിന്ന് വേര്‍പെടുന്നു. ഇവയോട് സമീപ കോശങ്ങള്‍ യോജിയ്ക്കാതിരിയ്ക്കുമ്പോള്‍ ഗ്രാനുലാര്‍ ഫോര്മേഷന് എന്ന അവസ്ഥയിലേക്ക് ത്വക്ക് എത്തന് സാധ്യതയുണ്ട്. ഇത്തരം കോശങ്ങളില്‍ മറ്റുള്ളവയില്‍ നിന്നും ഒരു പുറന്തള്ളല്‍ പ്രതിഭാസവും ചിലസമയങ്ങളില്‍ പ്രത്യക്ഷമാവാറുണ്ട്. സ്കിലോയിഡ് ഫോര്മേഷന് എന്ന അവസ്ഥ എത്തുന്നതോടെ മുറിവുകള്‍ ഉണങ്ങാത്ത നിലയിലേക്ക് എത്തുമെന്ന് ത്വക്ക് രോഗ വിദഗ്ധനായ ഡോക്ടര്‍ രാഹുല്‍ പിള്ള ന്യൂസ് 18 നോട് പറഞ്ഞു.
ടാറ്റൂ വിരക്തി
കാമുകനോടോ കാമുകിയോടോ ഉള്ള അദമ്യമായ സ്നേഹം പ്രകടിപ്പിയ്ക്കാന്‍ സ്വന്തം ശരീരത്തില്‍ മുറിപ്പാടുകള്‍ വീഴ്ത്തി. പ്രണയ പങ്കാളിയുടെ പേരും രൂപവുമൊക്കെ പച്ചകുത്തുന്നവരുണ്ട്. എന്നാല്‍ പ്രണയം പരാജയത്തിലേക്ക് മാറിയശേഷം ടാറ്റൂ മായ്ക്കുന്നതാണ് പിന്നീട് തലവേദന. ടാറ്റൂവിന്റെ വലുപ്പമനുസരിച്ച് അഞ്ചുമുതല്‍ എട്ടുതവണവരെയാക്കെ ലേസര്‍ ചികിത്സ ചെയ്യേണ്ടി വരുന്നു. ചുരുക്കത്തില്‍ അയ്യായിരം രൂപമുടക്കി വരച്ച ടാറ്റൂ മായ്ക്കാന്‍ അമ്പത് മുതല്‍ എണ്‍പതിനായിരം വരെ ചെലവുണ്ടാകും.
പെട്ടെന്നുള്ള ആവേശത്തിന് വരയ്ക്കുന്ന ടാറ്റൂമൂലം ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോള്‍ തന്നെ മാനസിക സംഘര്ഷത്തിലാവുന്നവരും ഉണ്ട്. ടാറ്റൂ പതിയ്ക്കാനെത്തുമ്പോള് ഈ വിവരങ്ങള്‍ മുന്‍കൂട്ടി ധരിപ്പിയ്ക്കാനുള്ള കൗണ്‍സിലര്‍മാര്‍ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു
അനധികൃത ചികിത്സ
ടാറ്റൂ വരയ്ക്കുമ്പോഴുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ രണ്ടാഴ്ചവരെയാണ് ടാറ്റൂ സെന്ററുകള്‍ സമയപരിധി പറയാറുള്ളത്. മുറവുണങ്ങുന്നതിനായി ചില ലേപനങ്ങളും ആന്റിബയോട്ടിക്കുകളും കുറിച്ചുനല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ വിദഗ്ധോപദേശമില്ലാത്ത ഇത്തരം മരുന്നുവിതരണം വലിയ ആപത്താണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗിയുടെ ആരോഗ്യനിലയ്ക്കും മുരുന്നുകളോടുള്ള പ്രതിപ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിയ്ക്കാതെ മരുന്നുനല്‍കുന്നത് ഗുരുതരമായ അലര്‍ജിയിലേക്കും മുറവുകള്‍ ഒരിയ്ക്കലും ഉണങ്ങാത്ത അവസ്ഥയിലേക്കും പോലും കാര്യങ്ങള്‍ എത്തിയ്ക്കും.
ലൈസന്‍സില്ലാ സെന്ററുകള്‍
സൂചികളുപയോഗിച്ച് ശരീരത്തില്‍ മുറിവുകള്‍ വീഴ്ത്തുന്ന വിദഗ്ധോപദേശം അനിവാര്യമായ ജോലിയാണ് ടാറ്റൂ പതിപ്പിയ്ക്കല്. എന്നാല്‍ ഇതില്‍ വിദഗ്ധനാരെന്ന് കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങളില്ലെന്ന് ഈ രംഗത്തു പ്രവര്ത്തിയ്ക്കുന്നവര്തന്നെ പറയുന്നു. നഗരസഭ അല്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസന്‍സ് മാത്രമാണ് പ്രവര്‍ത്തനത്തിനായി മിക്കയിടത്തുമുള്ളത്. മറ്റ് അനുമതികളേക്കുറിച്ച് പലര്‍ക്കും അറിവുമില്ല. വികസിത രാജ്യങ്ങളിലടക്കം ടാറ്റൂ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക അനുമതി ആവശ്യമുണ്ട്. ഉപയോഗിയ്ക്കുന്ന ഉപകരണങ്ങള്‍, അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യങ്ങള്‍, വൈദഗ്ധ്യമുള്ളവർ എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ പ്രത്യേക നിബന്ധനകളില്ലാത്തത് വലിയ അപകടങ്ങള്‍ക്കാണ് വഴിവെയ്ക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
പലയിടത്തും ഒറ്റമുറിയിലാണ് ടാറ്റൂകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. ആളെ ഇരുത്തുകയോ കിടത്തുകയോ ചെയ്യുന്നതിനുള്ള സംവിധാനം മാത്രമാണുള്ളത്. സൂചി മാറുന്നു എന്ന് ഇടപാടുകാരെ അറിയിയ്ക്കുമ്പോഴും സൂചിഘടിപ്പിയ്ക്കുന്ന യന്ത്രം അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം പലയിടത്തുമില്ല. സ്ത്രീകള്‍ നിരവധി പേരാണ് ടാറ്റൂ പതിപ്പിക്കലിനായി എത്തുന്നത്. എന്നാല്‍ മിക്ക ടാറ്റൂ കേന്ദ്രങ്ങളിലും വനിതാ ജിവനക്കാരുടെ സാന്നിദ്ധ്യം ഉണ്ടാവാറില്ല. ശരീരത്ത് സ്പര്‍ശിച്ചുള്ള ടാറ്റൂ വരയ്ക്കല്‍ പിന്നീട് ലൈംഗിക പീഡനത്തിലേക്ക് മാറുന്നു. അപമാനഭാരം ഭയന്ന് ഇരകളില്‍ പലരും ഇതും പുറത്തുപറയാറുമില്ല. ക്ലിനിക്കല്‍ ലാബ് സൗകര്യം, മാലിന്യനിര്‍മ്മാര്‍ജ്ജന സൗകര്യം തുടങ്ങിയ അത്യാവശ്യമായ പല കാര്യങ്ങളും ഇവിടെ ലഭ്യമല്ല താനും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.