ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള ചരിത്രത്തിന്റെ ദൃക്സാക്ഷിയായ ശിവൻ ആദ്യത്തെ കേരള മന്ത്രി സഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി അമൂല്യ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത പ്രസ് ഫോട്ടോ ഗ്രാഫറാണ്. ചെമ്മീന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറെന്ന നിലയിലാണ് ചലച്ചിത്ര രംഗത്ത് ശിവൻ ശ്രദ്ധേയനായത്. തുടർന്ന് സ്വപ്നം എന്ന ചിത്രം നിർമിക്കുകയും യാഗം, അഭയം, കൊച്ചു കൊച്ചു മോഹങ്ങൾ, ഒരു യാത്ര, കിളിവാതിൽ, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം അവാർഡുകൾ വാരിക്കൂട്ടി. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങി.
advertisement
1932 മേയ് 14ന് ഹരിപ്പാട് പടീറ്റതിൽ ഗോപാല പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായിട്ടാണ് ശിവശങ്കരൻ നായരെന്ന ശിവന്റെ ജനനം. പരേതയായ ചന്ദ്രമണി ശിവനാണ് ഭാര്യ. ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ, സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ, സരിതാ രാജീവ് എന്നിവർ മക്കളും ജയശ്രീ, ദീപ, ദീപ്തി,രാജീവ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം പിന്നീട്.
മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.