ഇരുപത്തിനാലുകാരിയായ ജ്യോത്സനക്ക് കുട്ടിക്കാലം മുതൽ തന്നെ തന്റെ തറവാട്ടു ക്ഷേത്രത്തിൽ പൂജകൾ നടത്തണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. തൃശൂരിലെ ഒരു ക്ഷേത്രത്തിൽ പൂജാരിമാരായി സേവനമനുഷ്ഠിക്കുന്ന ഇവർ തൊട്ടടുത്തുള്ള മറ്റ് ക്ഷേത്രങ്ങളിലും പൂജാകർമങ്ങൾക്ക് മേൽനോട്ടം വഹിക്കാറുണ്ട്.
തൃശൂർ ഇരിങ്ങാലക്കുടയിലെ കാട്ടൂരിലൂള്ള തരണനെല്ലൂർ തെക്കിനിയേടത്തു മനയിലെ അംഗങ്ങളാണ് അർച്ചന കുമാരിയും മകള്‍ ജ്യോത്സന പത്മനാഭനും. വേദാന്തത്തിലും സംസ്‌കൃതം സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളയാളാണ് ജ്യോത്സന. ഏഴ് വയസുള്ളപ്പോൾ മുതൽ താന്ത്രിക പാഠങ്ങൾ മനസിലാക്കാൻ തുടങ്ങിയിരുന്നു എന്നും ഒരു പൂജാരി ആകാനുള്ള ആഗ്രഹം അതിന് മുൻപേ ഉണ്ടായിരുന്നു എന്നും ജ്യോത്സന പറയുന്നു.
advertisement
സാധാരണ സ്ത്രീകൾ ഈ രംഗത്തേക്ക് വരാറില്ല എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു എന്നും അതിനു മുൻപേ പൂജാരിയാകാനുള്ള ആഗ്രഹം മനസിൽ ശക്തമായെന്നും ജ്യോത്സന പറഞ്ഞു. “അച്ഛൻ പത്മനാഭൻ നമ്പൂതിരിപ്പാട് പൂജകളും താന്ത്രിക ചടങ്ങുകളും നടത്തുന്നത് കണ്ടാണ് ഞാൻ വളർന്നത്. അതിനാൽ തന്നെ, ചെറുപ്പം മുതലേ ഇത് സ്വായത്തമാക്കാനുള്ള ആഗ്രഹം എന്റെ ഉള്ളിൽ ശക്തമായിരുന്നു. ഞാൻ എന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം എതിർത്തില്ല. എന്റെ ആഗ്രഹം ശക്തമാണെന്ന് തോന്നിയതിനാൽ അദ്ദേഹം എല്ലാ പിന്തുണയും നൽകി”, ജ്യോത്സന വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പുരാതന ഗ്രന്ഥങ്ങളിലോ പാരമ്പര്യങ്ങളിലോ, സ്ത്രീകൾക്ക് താന്ത്രിക ചടങ്ങുകളോ മന്ത്രങ്ങൾ ചൊല്ലുന്നതിനോ വിലക്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ജ്യോത്സന കൂട്ടിച്ചേർത്തു.
ഏഴാം വയസിൽ തന്നെ കുടുംബ ക്ഷേത്രമായ പൈങ്കണ്ണിക്കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ജ്യോത്സന ഭദ്രകാളി ദേവിയുടെ താന്ത്രിക പ്രതിഷ്ഠ നടത്തി. ജ്യോത്സനയുടെ അച്ഛൻ ആയിരുന്നു ഇവിടുത്തെ പ്രധാന പൂജാരി. ഇവിടുത്തെ ശ്രീകോവിലിൽ സാധിക്കുമ്പോഴെല്ലാം ജ്യോത്സന പൂജകൾ നടത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അർച്ചനയും അടുത്തുള്ള ചില ക്ഷേത്രങ്ങളിൽ താന്ത്രിക ചടങ്ങുകളും പ്രതിഷ്ഠാ കർമങ്ങളും പുനഃപ്രതിഷ്ഠാ കർമങ്ങളും നടത്തി വരുന്നുണ്ട്. ആചാരങ്ങളും മന്ത്രങ്ങളും പഠിക്കാനുള്ള തന്റെ ആഗ്രഹത്തിന് ഭർത്താവ് വളരെയധികം പിന്തുണ നൽകുന്നുണ്ടെന്ന് അവര്‍ പറയുന്നു. കുടുംബ ക്ഷേത്രത്തിൽ ദൈനംദിന പൂജകൾ നടത്തുന്നതിലും ആർക്കും എതിർപ്പില്ലെന്നും അർച്ചന കൂട്ടിച്ചേർത്തു.