ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി കയറിയെത്തിയ തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. സോപാനത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് പേടകത്തെ സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് എടുത്തു. തുടർന്നായിരുന്നു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന.
advertisement
തിരുവാഭരണം ചാർത്തി 18 ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 19 ാം തീയതി വരെയാണ് നെയ്യഭിഷേകം. 19 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20 ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി. 20 ന് രാത്രി നടയടയ്ക്കും വരെ ദർശനമുണ്ടാകും. 21ന് പുലർച്ചെയാണ് തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങുന്നത്. പേടകത്തെ യാത്രയാക്കിയ ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് നടയടയ്ക്കും.